അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി എത്തുന്നു, പ്രതിസന്ധിയിലാവുന്നത് കേരളത്തിലുള്ളവർ

Tuesday 10 September 2024 3:14 PM IST

കോഴിക്കോട്: പെയർ ട്രോളിംഗിന് വിലക്ക് നിലനിൽക്കെ വീണ്ടും പെലാജിക്ക് ട്രോളിംഗ് വല ഉപയോഗിച്ച് മത്സ്യബന്ധനം. മത്സ്യലഭ്യതക്കുറവ് ജില്ലയിലെ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകളും ചില സ്വദേശി ബോട്ടുകളും പെയർ ട്രോളിംഗ് വഴി മീൻ പിടിക്കുന്നത്.

അതിനിടെ നിരോധിക്കപ്പെട്ട പെലാജിക്ക് ട്രോളിംഗ് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ബേപ്പൂർ സ്വദേശിയുടെ കിംഗ് ഫിഷർ -1, കിംഗ് ഫിഷർ -II എന്നീ ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തു. മത്സ്യസമ്പത്തിനു വിനാശകരമാകുന്ന പെയർ ട്രോളിംഗ് നടത്തിയതിനാണ് ഫിഷറീസ് ഹെഡ് ക്വാർട്ടേഴ്സ് എക്സ്റ്റൻഷൻ ഓഫീസർ ആതിര പി.കെ, കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര.ഒ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ ബോട്ടുകൾ പിടിച്ചെടുത്തത്. കെ.എം.എഫ്.ആർ ആക്ട് പ്രകാരം അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കാവുന്ന നിയമലംഘനത്തിന്റെ തുടർ നടപടികൾക്കായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ പി.വിക്ക് റിപ്പോർട്ട് കൈമാറി.

പെയർ ട്രോളിംഗ്

രണ്ട് ബോട്ടുകൾ വലകൾ ചേർത്ത് നടത്തുന്ന മത്സ്യബന്ധനമാണ് പെയർ ട്രോളിംഗ്. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ മീനുകൾ വരെ വലയിൽ കുടുങ്ങും. നിരോധിക്കപ്പെട്ട വലകളുടെ ഉപയോഗം, സൂക്ഷിക്കൽ, ഗതാഗതം എന്നിവ കുറ്റകരമാണ്. ഇത് മത്സ്യസമ്പത്തിനെ ബാധിക്കും. പരമ്പരാഗത തൊഴിലാളികൾക്ക് മത്സ്യം ലഭിക്കില്ല.

'വരും ദിവസങ്ങളിലും പെലാജിക്ക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കും'

സുനീർ.വി, അസി. ഡയറക്ടർ, ഫിഷറീസ്

Advertisement
Advertisement