കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ജയം, തൃശൂരിനെ തോല്‍പ്പിച്ചത് 38 റണ്‍സിന്

Tuesday 10 September 2024 11:48 PM IST

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ 38 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടിയ തൃശൂര്‍ കാലിക്കറ്റിനെ ബാറ്റിംഗിന് അയച്ചു. മഴയെ തുടര്‍ന്ന് കാലിക്കറ്റിന്റെ ബാറ്റിംഗിനിയടയ്ക്ക് വെച്ച് മത്സരം നിര്‍ത്തിവെച്ചു. മഴയെ തുടര്‍ന്ന് മത്സരം 19 ഓവറായി പുനര്‍ നിശ്ചയിച്ചു. ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് കാലിക്കറ്റ് നിശ്ചിത ഓവറില്‍ നേടിയത്.

അഖില്‍ സ്‌കറിയ(54), സല്‍മാന്‍ നിസാര്‍(53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 150 കടത്തിയത്. വി ജെ ഡി നിയമപ്രകാരം 19 ഓവറില്‍ തൃശൂരിന്റെ വിജയലക്ഷ്യം 159 ആയി പുനര്‍ നിര്‍ണയിച്ചു. എന്നാല്‍ തൃശൂര്‍ 18.2 ഓവറില്‍ 120 ന് എല്ലാവരും പുറത്തായി. കാലിക്കറ്റിന് 38 റണ്‍സിന്റെ ജയം. കാലിക്കറ്റിന്റെ സല്‍മാന്‍ നിസാറാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

159 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. അനസ് നസീര്‍(നാല്), വരുണ്‍ നായനാര്‍(ഒന്ന്), വിഷ്ണു വിനോദ്(13) എന്നിവരുടെ വിക്കറ്റുകള്‍ തൃശൂരിന്റെ സ്‌കോര്‍ 25 ലെത്തുന്നതിനു മുമ്പേ നഷ്ടമായി. 31 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനും 18 പന്തില്‍ നിന്നും 17 റണ്‍സ് എടുത്ത അക്ഷയ് മനോഹറുമാണ് മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ അല്‍പമെങ്കിലും ചെറുത്തു നില്‍പ് നടത്തിയത്.