സൈബർ ക്രൈം തടയൽ: കേന്ദ്ര പുരസ്കാരം കേരള പൊലീസിന്

Wednesday 11 September 2024 2:50 AM IST

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കു​റ്റകൃത്യങ്ങൾ തടയുന്നതിന് സജീവ ഇടപെടൽ നടത്തിയ കേരള പൊലീസിന് കേന്ദ്ര പുരസ്കാരം. ആഭ്യന്തരമന്ത്റി അമിത് ഷായിൽ നിന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് പുരസ്കാരം ഏറ്റുവാങ്ങി. സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലായിരുന്നു ചടങ്ങ്.

തട്ടിപ്പിനുപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്‌സൈ​റ്റുകളും സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിംഗ് പ്രവർത്തനരഹിതമാക്കിയിരുന്നു. 8,369 സമൂഹമാദ്ധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ 17 കേസുകൾ രജിസ്​റ്റർ ചെയ്തു. 16 ഏജന്റുമാരെ അറസ്​റ്റ് ചെയ്തു. തട്ടിപ്പ് അറിയിക്കാനുള്ള 1930 ഹെൽപ് ലൈൻ നമ്പരിൽ 2023ൽ 23,748 പരാതികളാണ് ലഭിച്ചത്. നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി വീണ്ടെടുത്തു. ഇക്കൊല്ലം ആഗസ്​റ്റ് വരെ ലഭിച്ച 27,723 പരാതികളിൽ 70 കോടി രൂപയും വീണ്ടെടുത്തു. കേന്ദ്രസർക്കാരിന്റെ സൈബർ കമാൻഡോ കോഴ്സിലേക്ക് കേരള പൊലീസിലെ 24 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.