ബാർക്കോഴ: ഹർജി സുപ്രീംകോടതി തള്ളി

Wednesday 11 September 2024 1:53 AM IST

ന്യൂഡൽഹി: ബാർക്കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജോസ് കെ.മാണി എം.പി, മുൻമന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തൃശൂർ കുറ്രിക്കാട് സ്വദേശി പി.എൽ. ജേക്കബാണ് കോടതിയെ സമീപിച്ചത്.

എന്നാൽ, ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് ഹർജിക്ക് അടിസ്ഥാനം. ഏതെങ്കിലും വ്യക്തിയുടെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തിൽ സി.ബി.ഐ തുടങ്ങിയ ഏജൻസികൾക്ക് അന്വേഷണം വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ കേരളത്തിൽ ലോകായുക്ത ഇല്ലേയെന്നും ആരാഞ്ഞു. ഹർജിക്കാരന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി. ഹർജി കോടതിച്ചെലവ് സഹിതം തള്ളണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.