'നിരന്തരം  ശല്യം  ചെയ്യുന്നു,​ സ്വകാര്യത  മാനിക്കുന്നില്ല'; അന്വേഷണ  സംഘത്തിനെതിരെ ആരോപണവുമായി മുകേഷിനെതിരായ പരാതിക്കാരി

Wednesday 11 September 2024 10:40 AM IST

കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുകേഷ് എംഎൽഎയ്‌ക്കെതിരെ പീഡന പരാതി നൽകിയ നടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമർശിച്ച് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവച്ച ശബ്ദ സന്ദേശം ചർച്ചയാകുന്നുണ്ട്. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാൻ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും നടി ആരോപിക്കുന്നു.

'അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോൾ തന്റെ ആത്മവിശ്വാസം പോയെന്ന് നടി പറഞ്ഞു. ജാമ്യം നൽകിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹെെക്കോടതിയിൽ അപ്പീൽ നൽകിയില്ല. അന്വേഷണ സംഘത്തിന്റെ ഇടപെടലുകൾ ആശയക്കുഴപ്പമുണ്ടാക്കി. അതിനാലാണ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഇന്നലെ പൂങ്കുഴലി നേരിട്ടെത്തി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി. മുകേഷിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹെെക്കോടതിയിൽ അപ്പീൽ പോകണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എസ്‌പിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. അന്വേഷണ സംഘം അപ്പീൽ നൽകിയില്ലെങ്കിൽ ഞാൻ ഹെെക്കോടതിയെ സമീപിക്കും', - നടി ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കി.

ഓഗസ്റ്റ് 26നാണ് നടി, മുകേഷടക്കം ഏഴുപേർക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയിൽ വഴി പ്രത്യേക അന്വേഷണ സംഘത്തിന് പരാതിയും നൽകി. മരട് പൊലീസാണ് മുകേഷിനെതിരായ കേസന്വേഷണം നടത്തിയത്. സെപ്‌തംബർ അഞ്ചിനാണ് മുകേഷിന് കോടതി ജാമ്യം അനുവദിച്ചത്.