ഐസിഎൽ ഗ്രൂപ്പ് അതിവിപുലമായി ദുബായിൽ ഓണാഘോഷം സംഘടിപ്പിച്ചു

Wednesday 11 September 2024 10:57 AM IST

ദുബായ്: ഐസിഎൽ (ICL)​ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വക്കേറ്റ് കെജി അനിൽ കുമാറിന്റെ നേതൃത്വത്തിൽ ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വർണശബളമായ ഒന്നിച്ചോണം ഒരുമിച്ചുണ്ണാം' എന്ന പരിപാടി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. മുഖ്യാഥിതിയായി രമേശ് ചെന്നിത്തല പങ്കെടുത്തു.

അജ്‌മാൻ രാജ കുടുംബാംഗം ശൈഖ് സഖർ ബിൻ അലി സഈദ് ബിൻ റാഷെദ് അൽ നുഅയ്മി, ദുബായ് പൊലീസ് മേജർ ഒമർ അൽ മർസൂഖി, ദുബായ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് കോർപറേറ്റ് സപ്പോർട്ടിംഗ് ഡയറക്ടർ ഇബ്രാഹിം യാഖൂത്ത് സൽമിൻ എന്നിവരുടെ സാന്നിദ്ധ്യവും പരിപാടിയെ മികച്ചതാക്കി മാറ്റി. വിപുലമായ ഓണ സദ്യയോടൊപ്പം പായസ മത്സരം, പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം എന്നിവയും അരങ്ങേറി.

സമത്വത്തിന്റെ സന്ദേശമാണ് ഓണം നൽകുന്നതെന്ന് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. വേർതിരിവുകളില്ലാത്ത ആഘോഷമാണ് ഓണമെന്നും സ്നേഹവും സന്തോഷവും എപ്പോളും നില നിൽക്കണമെന്നും അഡ്വക്കേറ്റ് കെജി അനിൽകുമാർ ആമുഖ പ്രഭാഷണത്തിൽ വ്യക്തമാക്കി.

ഐസിഎൽ സ്റ്റാഫ് അംഗങ്ങളുടെ കലാപരിപാടികളും, യു.എ.ഇ യിലെ മറ്റു കലാ കാരൻമാരുടെ പരിപാടികളും കൊണ്ട് ആഘോഷം വേറിട്ടതായി മാറി. അവസാനം ആവേശം നീണ്ടു നിന്ന വടം വലി മത്സരത്തോടെയാണ് ഐസിഎൽ ഓണാഘോഷ പരിപാടിക്ക് വിരാമമായത്.