അശരണർക്ക് ഓണക്കിറ്റുമായി ഇത്തവണയും കുഞ്ഞുമുഹമ്മദ് എത്തി; 20 വർഷത്തിലേറെയായി തുടരുന്ന നന്മ

Wednesday 11 September 2024 1:15 PM IST

സുൽത്താൻ ബത്തേരി: ചെതലയം പ്രദേശത്തെ നിർദ്ധനരും നിരാലംബരുമായവർക്കുള്ള ഓണക്കിറ്റുമായി കുഞ്ഞുമുഹമ്മദ് ഇത്തവണയും മുടങ്ങാതെ എത്തി. അരി, പഞ്ചസാര, ചായപ്പൊടി, നെയ്യ്, പായസകിറ്റ്, വിവിധ ഇനം കറി മസാലകളടക്കം പതിനാലിനങ്ങ ൾ അടങ്ങിയ കിറ്റാണ് കഞ്ഞുമുഹമ്മദ് പ്രായമായവരും കിടപ്പുരോഗികളുമായവർക്ക് എത്തിച്ചുനൽകിയത്.

കൊമ്മഞ്ചേരിയിൽനിന്ന് പുറത്തെത്തിച്ച് താത്ക്കാലികമായി പുനരധിവസിപ്പിച്ച ഗോത്രകുടുംബങ്ങൾക്ക് കിറ്റുകൾ നൽകി കൊണ്ടാണ് ഇത്തവണത്തെ സഹായവിതരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ചെതലയം മേഖലയിലെ അമ്പതോളം പേർക്കാണ് ഇത്തവണ കിറ്റ് നൽകിയത്.

കഴിഞ്ഞ 20 വർഷത്തിലേറെയായി കൊമ്മഞ്ചേരിയിലെ കുടുംബങ്ങൾക്ക് കിറ്റുകൾ കുഞ്ഞിമുഹമ്മദ് എത്തിച്ചുനൽകുന്നു. ഓണക്കാലത്ത് തുടരുന്ന സൽപ്രവർത്തിയാണ് ഇത്തവണയും മുടക്കമില്ലാതെ കുഞ്ഞു മുഹമ്മദ് നടത്തിയത്. സ്വന്തമായും, തിരുവനന്തപുരം സ്വദേശി നിബീനദാസ്, ജിഞ്ചർ ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവരുടെ സഹായത്തോടെയുമാണ് കിറ്റുകൾ കുഞ്ഞുമുഹമ്മദ് എത്തിച്ചുനൽകുന്നത്.

ഓണത്തിന് പുറമെ മറ്റു വിശേഷ ദിവസങ്ങളിലും ഇദ്ദേഹം ഭക്ഷ്യകിറ്റുകൾ സമൂഹത്തിലെ അശരണാരായവർക്ക് എത്തിച്ചു നൽകാറുണ്ട്. കൂടാതെ ഗോത്രവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളടക്കം എത്തിച്ചുനൽകാറുണ്ട് സാമൂഹ്യ പ്രവർത്തകൻ കൂടിയായ കു ഞ്ഞുമുഹമ്മദ്.