അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണം; മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

Wednesday 11 September 2024 3:24 PM IST

തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പിവി അൻവറിന്റെ ആരോപണത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫോൺ ചോ‌ർത്തിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട്ട് തേടി. അടിയന്തരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോർട്ട് അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം.

മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നത് ഗൗരവതരമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. കൂടാതെ താൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നുപറഞ്ഞതും ഗൗരവത്തോടെ കാണണമെന്ന് ഗവർണർ വ്യക്തമാക്കി.

അതേസമയം, എഡിജിപി എം ആർ അജിത്കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സിപിഎമ്മിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്. വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേൽപ്പിച്ചു എന്ന് വ്യക്തമായതാേടെ വിവാദങ്ങൾ അടഞ്ഞ അദ്ധ്യായങ്ങളാക്കി മാറ്റാൻ പാർട്ടി ശ്രമിക്കുന്നത്.

വിഷയത്തിൽ ഏറെ കരുതലോടെ നീങ്ങുന്ന സിപിഎം അൻവർ ഇനിയും ആരോപണങ്ങളുടെ കെട്ടഴിക്കാതിരിക്കാനുള്ള നടപടികളാവും പ്രധാനമായും കൈക്കൊള്ളുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. അൻവറിനെ തണുപ്പിക്കാൻ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കും. അതിനൊപ്പം അദ്ദേഹത്തിനെതിരെ അന്വേഷണവും ഉണ്ടാവും. ഇത്തരത്തിലൊരു ഫോർമുല പാർട്ടി മുന്നോട്ടുവച്ചു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.