ഏഴ് ചോദ്യങ്ങളുമായി സതീശൻ: മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല, വേണ്ടത് മറുപടി

Thursday 12 September 2024 12:47 AM IST

തിരുവനന്തപുരം: പൊളിറ്റിക്കൽ സെക്രട്ടറിക്കും എ.ഡി.ജി.പിക്കുമെതിരായ ഗുരുതര ആരോപണങ്ങൾക്ക് മറുപടി

പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസെടുക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ആർ.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും. പാർട്ടി സഖാക്കൾ ഉൾപ്പെടെ ചോദിക്കുന്ന കാതലായ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ ഒളിച്ചുകളിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം

പറഞ്ഞു. ഇതു സംബന്ധിച്ച് ഏഴ് ചോദ്യങ്ങളും സതീശൻ ഉന്നയിച്ചു.

ചോദ്യങ്ങൾ 1. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി കണ്ടത് എന്തിന്?

2. ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി മണിക്കൂറുകൾ ചർച്ച നടത്തിയതെന്തിന്?

3. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ സന്ദർശിച്ചത്?

4. ഇതേ എ.ഡി.ജി.പിയെ ഉപയോഗിച്ച് ബി.ജെ.പിയെ സഹായിക്കാൻ മുഖ്യമന്ത്രിയല്ലേ തൃശൂർ പൂരം കലക്കിയത്?

5. പ്രതിപക്ഷത്തിനൊപ്പം എൽ.ഡി.എഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിന്?

6. കോവളത്ത് റാം മാധവ് - എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോൾ ഒപ്പമുണ്ടായിരുന്നവർ ആരൊക്കെ?

7. പത്ത് ദിവസമായി ഒരു സി.പി.എം എം.എൽ.എ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയോ ?