മന്ത്രിസഭയിൽ ചർച്ചയാവാതെ എ.ഡി.ജി.പി കൂടിക്കാഴ്ച
തിരുവനന്തപുരം: ആർ.എസ്.എസിന്റെ രണ്ട് ഉന്നത നേതാക്കളുമായി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതിനെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ രൂക്ഷമായി വിമർശിക്കുമ്പോഴും ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ഇതേക്കുറിച്ച് ചർച്ചയായില്ല. സി.പി.ഐയുടെയും മറ്റ് ഘടകകക്ഷികളുടെയുടെയും മന്ത്രിമാരും വിഷയം ഉന്നയിച്ചില്ല.
ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ച കൃത്യമായി അന്വേഷിക്കണമെന്നും, കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തിരുത്തൽശക്തി പോലെ പ്രവർത്തിച്ചിരുന്ന സി.പി.ഐയുടെ മന്ത്രിമാരാണ് ഇടതു ഭരണത്തിന്റെ രണ്ടാം ഊഴത്തിൽ നിശബ്ദത പാലിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഐ.എ.എസുകാരെ നിയമിക്കുന്നതിനെതിരെ ഒന്നാം പിണറായി സർക്കാരിലെ സി.പി.ഐ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങളും സ്ഥാനക്കയറ്റവും മുൻപ് മന്ത്രിസഭായോഗം ചർച്ച ചെയ്യാറുണ്ടായിരുന്നു. കുറേക്കാലമായി ഇത് അജൻഡയാവുന്നില്ല. ഇതിനെതിരെയും സി.പി.ഐ മന്ത്രിമാർ കാര്യമായ പ്രതിരോധം തീർക്കുന്നില്ല.