എ.ഡി.ജി.പി അജിത് അവധി പിൻവലിച്ചു
Thursday 12 September 2024 2:20 AM IST
തിരുവനന്തപുരം: സെപ്തംബർ 14 മുതൽ നാലുദിവസത്തേക്ക് മുൻകൂട്ടി നൽകിയിരുന്ന അവധി അപേക്ഷ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പിൻവലിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഓഫീസിൽ നിന്ന് വിട്ടുനിൽക്കുന്നത് പന്തിയല്ലെന്ന വിലയിരുത്തലിലാണ് അവധി ഉപേക്ഷിച്ചതെന്നാണ് സൂചന. നാലുദിവസത്തെ അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിനു പകരം ചുമതല നൽകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ഓഫീസിൽ മറ്റൊരു എ.ഡി.ജി.പി ചുമതലക്കാരനായെത്തിയാൽ സുപ്രധാന രേഖകളുടെയും ഫയലുകളുടെയും നടപടികളുടെയും പരിശോധന അന്വേഷണ സംഘത്തിന് എളുപ്പമാവുമെന്നും അജിത് കണക്കുകൂട്ടി. അതോടെയാണ് അവധി അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചത്.