തീവയ്പ്കേസ് അട്ടിമറിച്ചെന്ന് സ്വാമി സന്ദീപാനന്ദഗിരി

Thursday 12 September 2024 3:21 AM IST

തിരുവനന്തപുരം: ആശ്രമം തീവയ്പ് കേസ് പൊലീസ് അട്ടിമറിച്ചെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണം ശരിവച്ച് സ്വാമി സന്ദീപാനന്ദഗിരി രം​ഗത്ത്. കേസ് അട്ടിമറിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചെന്നും താനാണ് കത്തിച്ചതെന്ന് വരുത്തി തീർക്കാനായിരുന്നു നീക്കമെന്നും സന്ദീപാനന്ദഗിരി

മാദ്ധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്.എന്നാൽ ആരൊക്കെയാണ് പിന്നലെന്ന് അറിയില്ല.

പ്രതികളെ ആരൊക്കെയോ സഹായിച്ചു എന്നത് ഉറപ്പാണ്.

സംഭവത്തിനു പിന്നിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ബോദ്ധ്യപെട്ടുകാണും. വാഹനത്തിന് ഇതുവരെ ഇൻഷ്വറൻസ് കിട്ടിയില്ല. അതും ഒരു പൊലീസ് ഉദ്യോഗസ്ഥൻ അട്ടിമറിച്ചതാണ്. ഡിവൈ.എസ്.പി രാജേഷ് വിരമിച്ച ശേഷം ബി.ജെ.പിയുടെ ബൂത്ത് ഏജൻ്റ് ആയി ഒരു തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. കേസ് അട്ടിമറിച്ചു എന്നത് സത്യമാണ്. എം.എൽ.എ പറയുന്നതുപോലെ തനിക്ക് പറയാൻ കഴിയില്ല. അതിന് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെന്നും ഇതിനെതുടർന്നാണ് സംഘപരിവാറുകാർ ആശ്രമം കത്തിച്ചതെന്നും പ്രതികളെ രക്ഷിക്കാൻ പൊലീസ് നീക്കം നടത്തിയെന്നുമായിരുന്നു പി.വി അൻവറിന്റെ ആരോപണം.