ജെൻസന് അന്ത്യ ചുംബനം നൽകി ശ്രുതി; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

Thursday 12 September 2024 2:29 PM IST

കൽപ്പറ്റ: ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക, ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വച്ചത്. ജെൻസന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് വീട്ടിലെത്തിത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയും അച്ഛനും സഹോദരിയും നഷ്ടമായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഏക ആശ്രയമായിരുന്ന പ്രതിശ്രുതവരൻ ജെൻസൻ. അമ്പലവയൽ ആണ്ടൂർ പരിമളത്തിൽ ജയൻ - മേരി ദമ്പതികളുടെ മകൻ ജെൻസൻ (24) ആണ് വാഹനാപകടത്തിൽ മരിച്ചത്. ശ്രുതിയും ജെൻസനും ബന്ധുക്കളും സഞ്ചരിച്ച ഓംനിവാൻ ചൊവ്വാഴ്ച ദേശീയപാതയിൽ കൽപ്പറ്റ വെള്ളാരംകുന്നിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളിയിലെ ശ്രുതിയുടെ ബന്ധുവീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഓംനി വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ജെൻസനായിരുന്നു വാൻ ഓടിച്ചത്. തൊട്ടടുത്ത സീറ്റിലായിരുന്നു ശ്രുതി. 15 മിനിട്ടോളം ഡ്രൈവിംഗ് സീറ്റിൽ ജെൻസൻ കുടുങ്ങിക്കിടന്നു. ഓടിക്കൂടിയവരും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ജെൻസനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

തലച്ചോറിനേറ്റ ക്ഷതവും തലയിലും മൂക്കിലുമുണ്ടായ രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്. ശ്രുതിയും ജെൻസനുമുൾപ്പെടെ 9 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഉരുൾ പൊട്ടലിൽ മാതാപിതാക്കളും സഹോദരിയും അടക്കം ഒൻപത് കുടുംബാംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. കൽപ്പറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പമാണ് ശ്രുതിയുടെ താമസം. വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.