ലൈംഗികാരോപണ കേസ്; സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കോസ്റ്റൽ ഐജി ഓഫീസിലാണ് ചോദ്യംചെയ്യൽ. പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായ കോസ്റ്റൽ എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം.
പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ചർച്ചയ്‌ക്കിടെ രഞ്ജിത് ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിച്ചെന്നും ഇത് തന്റെ സ്‌ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാട്ടി ഒരു ബംഗാളി നടി നൽകിയ പരാതിയിലാണ് രഞ്ജിത്തിനെതിരെ ആദ്യം കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഐപിസി 354-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ഹൈക്കോടതി രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു.
ബംഗളൂരുവിൽ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിന് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായി കഴിഞ്ഞാൽ കുറ്റാരോപിതരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഏറ്റവുമാദ്യം ആരോപണവിധേയനായ ആളുകളിൽ രഞ്ജിത്തും ഉൾപ്പെടും. തുടർന്ന് അദ്ദേഹത്തിന് ചലച്ചിത്ര അക്കാഡമി ചെയർമാൻ പദം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.