രോഹിത്തിനേയും ബുംറയേയും ഒന്നും ഭയക്കുന്നില്ല, ആശങ്ക മറ്റൊരു കാര്യത്തിലെന്ന് ബംഗ്ലാദേശ് നായകന്‍

Thursday 12 September 2024 6:42 PM IST

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം സെപ്റ്റംബര്‍ 19ന് ആരംഭിക്കും. രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27ന് കാന്‍പൂരില്‍ തുടക്കമാകും. പാകിസ്ഥാനെ അവരുടെ നാട്ടില്‍ 2-0ന് ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയെ നേരിടാനെത്തുന്നത്. പാകിസ്ഥാനെതിരായ വിജയം ഇന്ത്യയെ നേരിടാന്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ പ്രതികരിച്ചത്.

ഇപ്പോഴിതാ ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനെത്തുമ്പോള്‍ തങ്ങള്‍ക്കുള്ള ഏറ്റവും വലിയ ആശങ്കയെന്താണെന്നും താരം തുറന്ന് പറഞ്ഞു. ഇന്ത്യയുടെ സൂപ്പര്‍താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരെ ബംഗ്ലാദേശ് ഭയക്കുന്നില്ലെന്നാണ് ഷാന്റോ അഭിപ്രായപ്പെട്ടത്. എന്നാല്‍ മറ്റൊരു കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന എസ്.ജി കമ്പനിയുടെ റെഡ് ബോളുകളേക്കുറിച്ചാണെന്നും ഷാന്റോ പറയുന്നു.

മറ്റ് സ്ഥലങ്ങളില്‍ കുക്കാബുറ കമ്പനിയുടെ ബോളിലാണ് കളിക്കുന്നത്. എസ്.ജി ബോളുകളില്‍ കളിച്ച് പരിചയക്കുറവുള്ളത് ഒരു വെല്ലുവിളിയാണെന്നും ബംഗ്ലാദേശ് ക്യാപ്റ്റന്‍ പറയുന്നു. ഇന്ത്യ വളരെ മികച്ച ടീമാണെന്നും അവരെ നേരിടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നും ഷാന്റോ സമ്മതിക്കുന്നു. അതേസമയം, 24 വര്‍ഷങ്ങളായി ടെസ്റ്റ് കളിക്കുന്ന ബംഗ്ലാദേശിന് ഇതുവരെ ഇന്ത്യയെ ഈ ഫോര്‍മാറ്റില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 11 മത്സരങ്ങളും ഇന്ത്യ വിജയിച്ചു, രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.