അനില ജേക്കബിന്റെ ശില്പ പ്രദർശനത്തിന് തുടക്കം

Friday 13 September 2024 12:47 AM IST

ആലുവ: കേരള ലളിതകല അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അനില ജേക്കബിന്റെ ശില്പങ്ങളുടെ പ്രദർശനം 'അനിലം ചാലയ്ക്കൽ പകലോമറ്റത്തെ വസതിയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷനാകും. അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് അദ്ധ്യക്ഷനായി. അക്കാ‌ഡമി മുൻ ചെയർമാൻ നേമം പുഷ്പരാജ് അനിലയെ ആദരിച്ചു. ഫാ. മെർവിൻ ഷിനോജ് ബോസ് കാറ്റലോഗ് പ്രകാശിപ്പിച്ചു. ഫാ. റോയി തോമസ്, ഡോ. പ്രേം ജേക്കബ് തോമസ്, ജോൺ മാത്യു, എബി എൻ. ജോസഫ്, എ.എസ്. സുഗതകുമാരി എന്നിവർ സംസാരിച്ചു. അനില ജേക്കബ് മറുപടി പ്രസംഗം നടത്തി.

ചിത്രകാരി ടി.കെ. പത്മിനി പഠിച്ച കലാലയത്തിൽ അതേ കാലത്ത് കല അഭ്യസിച്ച അനിലയുടെ കലയും ജീവിതവും ആ നിലയിൽ മലയാളി സമൂഹം ചർച്ച ചെയ്തില്ലെന്നും ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ശില്പ പ്രദർശനം സംഘടിപ്പിക്കുന്നതെന്നും ലളിതകലാ അക്കാഡമി വൈസ് ചെയർപേഴ്‌സൺ എബി എൻ. ജോസഫ് പറഞ്ഞു. തടിയിലും ലോഹത്തിലുമാണ് അനില ജേക്കബിന്റെ ശില്പങ്ങളിൽ ഏറെയും. 1961ൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യയായി ചെന്നൈയിൽ ചിത്രകല അഭ്യസിച്ച അനിലയ്ക്ക് സാംസ്‌കാരിക വകുപ്പിന്റെ രാജാരവിവർമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രദർശനം നാളെ സമാപിക്കും.

Advertisement
Advertisement