യൂണിറ്റിന് 3.49 രൂപയ്ക്ക് (ഡെക്ക്) 500മെഗാവാട്ട് സോളാർ വൈദ്യുതിക്ക് 25 വർഷ കരാർ
തിരുവനന്തപുരം : പ്രതിദിനം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യയുമായി കെ.എസ്.ഇ.ബി കരാറിൽ ഒപ്പുവച്ചു. 2026 സെപ്തംബറോടെ വൈദ്യുതി ലഭ്യമാകും. 25 വർഷമാണ് കരാർ കാലാവധി.
വൈകിട്ട് ആറിന് ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ സൗരോർജവും പീക്ക് സമയത്ത് രണ്ട് മണിക്കൂർ ബാറ്ററി സ്റ്റോറേജ് വഴിയുമാണ് വൈദ്യുതി ലഭിക്കുക. വൈകിട്ട് മണിക്കൂറിൽ 250 മെഗാവാട്ട് വീതം തുടർച്ചയായി രണ്ട് മണിക്കൂറോ തവണകളായോ ഈ വൈദ്യുതി ഉപയോഗിക്കാം. യൂണിറ്റിന് കുറഞ്ഞ നിരക്കായ 3.49 രൂപയ്ക്കാണ് ലഭിക്കുന്നത്.
കോൾ ലിങ്കേജ് വഴി 500 മെഗാവാട്ട് അടുത്ത വർഷം മുതൽ ലഭ്യമാക്കാനുള്ള കരാറിൽ കെ.എസ്.ഇ.ബി ഉടൻ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
കാറ്റിൽ നിന്ന് 300മെഗാവാട്ട്
2030 ഓടെ 10,000 മെഗാവാട്ട് ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. രാമക്കൽമേട്, അട്ടപ്പാടി, മാന്മുട്ടിമേട്, പാപ്പൻപാറ, കഞ്ചിക്കോട് എന്നിവിടങ്ങളിലായി 300 മെഗാവാട്ട് വൈദ്യുതി കാറ്റിൽ നിന്ന് ഉത്പാദിപ്പിക്കും. കൂടാതെ, 590 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിന് അറബിക്കടലിൽ ഓഫ്ഷോർ കാറ്റാടി പാടങ്ങൾക്കുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങൾക്ക് 1712 ജനപ്രതിനിധികൾ കൂടി
മുൻസിപ്പാലിറ്റി,കോർപറേഷനുകളിൽ 135 പുതിയ വാർഡുകൾ. തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജനത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം കൂടി പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനമായി. ത്രിതല പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകളിലായി 1712 ജനപ്രതിനിധികൾ കൂടിയെത്തും. തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം 21,900ൽ നിന്ന് 23,612 ആയി ഉയരും. അതിർത്തി നിശ്ചയിച്ച്,പരാതികൾ പരിഹരിച്ച്, പേരിടുന്നതോടെയാണ് നടപടികൾ പൂർത്തിയാകുക. ത്രിതല പഞ്ചായത്തുകളിലെ വാർഡുകൾ പുനർനിശ്ചയിച്ച് നേരത്തെ വിജ്ഞാപനമായിരുന്നു. പുതിയ വിജ്ഞാപനം അനുസരിച്ച് മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 135 പുതിയ വാർഡുണ്ടാകും. മുൻസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപ്പറേഷനുകളിൽ ഏഴും . എറണാകുളം കോർപറേഷനിൽ രണ്ടു വാർഡുകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ ഓരോ വാർഡാണ് വർദ്ധിക്കുന്നത്. ഇതോടെ നിലവിലുള്ള കോർപറേഷൻ വാർഡുകൾ 414ൽ നിന്ന് 421 ആയി വർദ്ധിക്കും.ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റി വാർഡ് വർദ്ധന എറണാകുളത്തും മലപ്പുറത്തുമാണ്- 26 വീതം.
അതിർത്തി നിർണയം
വാർഡുകളുടെ എണ്ണം നിശ്ചയിച്ചതോടെ അതിർത്തികൾ പുനർനിർണയിച്ച് ഡിജിറ്റൽ ഭൂപടം തയ്യാറാക്കാൻ ഇൻഫർമേഷൻ കേരള മിഷനെ (ഐ.കെ.എം) ചുമലപ്പെടുത്തി സർക്കാർ ഉത്തരവായി. ഐ.കെ.എമ്മിന്റെ ക്യു ഫീൽഡ് ആപ്പാണ് ഇതിന് ഉപയോഗിക്കുക.