അൻവർ പരാതി എഴുതി നൽകി,​ അജിത്തിനെതിരെ ആർ.എസ്.എസ് കൂടിക്കാഴ്ചയും അന്വേഷിക്കും

Friday 13 September 2024 12:02 AM IST

തിരുവനന്തപുരം: പൊസീസ് ആസ്ഥാനത്ത് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് അജിത്കുമാറിന്റെ മൊഴിയെടുപ്പ് ആരംഭിച്ചത് രാവിലെ 11.15ന്. വൈകിട്ട് മൂന്നേകാൽ വരെ നീണ്ടു. ഡി.ജി.പിയുടെ ചേംബറിൽ ഐ.ജി ജി.സ്പർജ്ജൻകുമാറുമുണ്ടായിരുന്നു. തൊട്ടടുത്തെ മുറിയിൽ അന്വേഷണസംഘത്തിലെ എസ്.പിമാരായ എ.ഷാനവാസ്, എസ്.മധുസൂദനൻ എന്നിവരും. ഡി.ജി.പി നേരിട്ട് തന്റെ മൊഴിയെടുക്കണമെന്ന് നേരത്തേ അജിത്ത് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അജിത്‌കുമാറിന്റെ ആർ.എസ്.എസ് കൂടിക്കാഴ്ച അൻവർ ഇന്നലെ മൊഴിയായി എഴുതി നൽകിയതോടെ അതേക്കുറിച്ചും അന്വേഷിക്കാനാകും. പുതുതായി രണ്ട് കാര്യങ്ങൾ ഡി.ജി.പിക്ക് എഴുതിനൽകിയെന്നും ചില തെളിവുകൾ കൈമാറിയെന്നും അരമണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചില കാര്യങ്ങൾ ഡി.ജി.പി ചോദിച്ചു മനസിലാക്കി. അജിത്ത് ക്രമസമാധാന ചുമതലയിൽ തുടരുന്നതിനാൽ തെളിവുകളും വിവരങ്ങളും നൽകാൻ പൊലീസ് ഉദ്യോഗസ്ഥരും വിരമിച്ചവരും ഭയപ്പെടുന്നതായും അൻവർ പറഞ്ഞു.