എതിർത്ത കേരള ഘടകത്തെയും വഴക്കിയ തന്ത്രശാലി

Friday 13 September 2024 2:33 AM IST

ന്യൂഡൽഹി: ദേശീയ നേതൃത്വത്തിൽ കാരാട്ട് പക്ഷവും ശക്തി ദുർഗമായ കേരളത്തിലെ ഔദ്യോഗിക ഘടകവും ഉയർത്തിയ വൻമതിലുകൾ മറി കടന്നാണ് സി.പി.എമ്മിലെ സീതാറാം യെച്ചൂരിയുടെ വളർച്ചയും നേട്ടങ്ങളും. പ്രകാശ് കാരാട്ടിന്റെ തീരുമാനങ്ങൾ പരസ്യമായി ചോദ്യം ചെയ്‌തും ബദൽ നയങ്ങൾ കൊണ്ടുവന്നും ഏറ്റുമുട്ടി. കേരളത്തിൽ വിഭാഗീയത കൊടികുത്തി വാണപ്പോൾ ഒരു വിഭാഗത്തെ പിന്തുണച്ചു. പക്ഷേ അതെല്ലാം കഴിഞ്ഞ് എതിർപ്പുകളില്ലാതെ അനുനയത്തിന്റെ പാതയിൽ പാർട്ടിയെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
2000ത്തിന്റെ തുടക്കത്തിൽ ഹർകിഷൻ സിംഗ് സുർജിത്തിന്റെ പിൻഗാമിയായി ഒരു വിഭാഗം ഉയർത്തിക്കാട്ടിയത് യെച്ചൂരിയെയായിരുന്നു. ശക്തരായ മറുവിഭാഗം അത് തട്ടിയൊതുക്കിയാണ് പ്രകാശ് കാരാട്ടിനെ ഉയർത്തിക്കൊണ്ടുവന്നത്. അതിന് കാരാട്ടിന് ശക്തി നൽകിയത് കേരള ഘടകവും. കാരാട്ട് കാലാവധി തീർത്ത് പടിയിറങ്ങാൻ തുടങ്ങിയപ്പോഴും യെച്ചൂരിയുടെ സ്ഥാനം ഉറപ്പില്ലായിരുന്നു. 2015ൽ വിശാഖ പട്ടണം പാർട്ടി കോൺഗ്രസിൽ എസ്.രാമചന്ദ്രൻ പിള്ളയെ പിൻഗാമിയാക്കാനായിരുന്നു കാരാട്ടിന്റെ നീക്കം. ബംഗാൾ ഘടകം എതിർത്തതിനാൽ എസ്.ആർ.പിക്ക് പിൻവാങ്ങേണ്ടി വന്നു. കേരളം പോലെ പാർട്ടിക്ക് നിർണായക സ്വാധീനമുള്ള സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് യെച്ചൂരിക്ക് തുടർന്നും വെല്ലുവിളിയായി. വി.എസ്.അച്യുതാനന്ദനുമായി അടുപ്പം പുലർത്തിയ യെച്ചൂരി ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണിലെ കരടായി.
കോൺഗ്രസുമായി ബംഗാളിലടക്കം സഹകരിക്കുന്ന കാര്യത്തിലും രണ്ടു തട്ടിലായിരുന്നു. മതേതര പാർട്ടികളുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ വാദത്തെ ബംഗാൾ ഘടകം അനുകൂലിച്ചപ്പോൾ കോൺഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേരള ഘടകം. ഭൂരിപക്ഷ ബലത്തിൽ കാരാട്ട്​ വിഭാഗം കോൺഗ്രസ്​ ധാരണയോ തിരഞ്ഞെടുപ്പ്​ സഖ്യമോ ആകരുതെന്ന നിലപാടെടുപ്പിച്ചു​. 2018 പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗം പ്രതിനിധികളും സംസ്ഥാന ഘടകങ്ങളും ഇത്​​ തള്ളി. പകരം ‘കോൺഗ്രസുമായി രാഷ്​ട്രീയ സഖ്യം ഉണ്ടാക്കരുതെന്ന്​ നിലപാട് ​മയപ്പെടുത്തി.ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസിന് നിഷേധിക്കാനാവാത്ത സ്ഥാനമുണ്ടെന്ന യെച്ചൂരിയുടെ നിലപാട് 2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിലും വലിയ ചർച്ചയായി.
യെച്ചൂരിയെ തളയ്ക്കാനുള്ള കാരാട്ട് പക്ഷത്തിന്റെ നീക്കമായിരുന്നു 2020ൽ രാജ്യസഭാംഗത്വം നൽകേണ്ടതില്ലെന്ന തീരുമാനം. കോൺഗ്രസ് പിന്തുണയോടെ പശ്ചിമ ബംഗാളിൽ നിന്ന് യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയനും കാരാട്ടും തള്ളി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിലും യെച്ചൂരി-കേരള ഘടകം സ്വരച്ചേർച്ചയില്ലായ്മ പരസ്യമായി.