വി.എസിനോട് എന്നും അടുപ്പം, ആദരം
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ളവ സൂര്യൻ വി.എസ്. അച്യുതാനന്ദനോട് ഹൃദയം കൊണ്ട് വല്ലാത്ത അടുപ്പമായിരുന്നു സീതാറാം യെച്ചൂരിക്ക്. ഉത്തമഹകമ്യൂണിസ്റ്റെന്ന നിലയ്ക്ക് അതിരില്ലാത്ത ആദരവും . പാർട്ടി പരിപാടികളിലായാലും സ്വകാര്യ വേളകളിലായാലും വി.എസിന്റെ സാമീപ്യം യെച്ചൂരിയെ എപ്പോഴും ആവേശം കൊള്ളിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തിരുവനന്തപുരത്ത് എത്തിയപ്പോഴും ആരോഗ്യപരമായ അവശതകളോടെ വീട്ടിൽ വിശ്രമിക്കുന്ന വി.എസിനെ കണ്ടാണ് യെച്ചൂരി മടങ്ങിയത്. തൊഴിലാളി വർഗ്ഗത്തോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള വി.എസിന്റെ കരുണാപരമായ നിലപാടാണ് യെച്ചൂരിയെ ഏറെ ആകർഷിച്ചത്. സ്ത്രീപക്ഷ വിഷയങ്ങളിൽ വി.എസ് എടുത്തിട്ടുള്ള ദൃഢതയാർന്ന സമീപനങ്ങളും മറ്റൊരു കാരണമായി. വി.എസിന്റെ ഇറങ്ങിപ്പോക്കിലൂടെ പ്രസിദ്ധമായ 2015ലെ ആലപ്പുഴ സി.പി.എം സംസ്ഥാന സമ്മേളനവും പിന്നീട് ഇതുമായി ബന്ധപ്പെട്ട് യെച്ചൂരി നടത്തിയ ഇടപെടലുകളും വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു. സമ്മേളനത്തിൽ തനിക്കെതിരെ ചിലരൊക്കെ ഉയർത്തിയ അതിരൂക്ഷ വിമർശനങ്ങൾ വി.എസിലെ കമ്യൂണിസ്റ്റിനെ വേദനിപ്പിച്ചു. അതോടെയാണ് അദ്ദേഹം സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയത്.
നേരത്തേ കെ.ആർ ഗൗരി അമ്മ ചെയ്തതു പോലെ വി.എസ് സി.പി.എം വിട്ട് വേറെ പാർട്ടി രൂപീകരിക്കുമെന്നു വരെ പ്രചാരണങ്ങളുണ്ടായി. രാഷ്ട്രീയ പ്രതിയോഗികളും ദോഷൈകദൃക്കുകളും തങ്ങളാലാവും വിധം ഇത്തരം പ്രചാരണങ്ങളെ കൊഴുപ്പിച്ചു. ഒരു പരിധി വരെ സാധാരണ പാർട്ടിക്കാരും ഇതിൽ പെട്ടുപോയി. നിലപാടുകളിൽ പാറപോലെ ഉറയ്ക്കാറുള്ള വി.എസിനെ അനുനയത്തിന്റെ പാതയിലേക്ക് മെല്ലെ എത്തിക്കുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വല്ലാത്തൊരു പ്രതിസന്ധി പാർട്ടിയിൽ നിന്ന് അകന്നു പോയതും ഈ ഇടപെടലിന്റെ കൂടി ഭാഗമാണ്.
അതേ വർഷം വിശാഖപട്ടണത്ത് 21-ാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ, പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറി പദം ഒഴിയുകയും സീതാറാം യെച്ചൂരി ആ പദവിയിലെത്തുകയും ചെയ്യുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ജനറൽ സെക്രട്ടറിയെ തീരുമാനിക്കും മുമ്പ് , സമാപന ദിനം യെച്ചൂരിക്ക് മുൻകൂർ ആശംസ അറിയിച്ച് വി.എസ് മടങ്ങിയതും അന്ന് വലിയ വാർത്തയായിരുന്നു. യെച്ചൂരിയോടുള്ള വാത്സല്യമായിരുന്നു ആ അഡ്വാൻസ് ആശംസയ്ക്ക് പിന്നിൽ.