മെഡിസെപ്പിൽ  ആശങ്ക, റീഇംബേഴ്‌സ്മെന്റിലേക്ക് മടങ്ങാൻ  ആലോചന

Saturday 14 September 2024 4:36 AM IST

കൊച്ചി: ബാദ്ധ്യത സർക്കാർ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ,​ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കളുള്ള മെഡിസെപ്പിന്റെ ഭാവി ആശങ്കയിൽ. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാർ അവസാനിക്കാൻ ഇനി 9 മാസം മാത്രം.

സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നുമായി ആദ്യരണ്ടു വർഷവും 600 കോടി വീതം ലഭിച്ചിരുന്നു. എന്നാൽ,​ 700 കോടിയോളം ക്ലെയിം നൽകേണ്ടിവന്നതിനാൽ കരാർ തുക വർദ്ധിപ്പിക്കാതെ തുടരാനില്ലെന്നാണ് കമ്പനിയുടെ നിലപാട്. ടെണ്ടർ നടപടി ആരംഭിച്ചിട്ടില്ല. അതേസമയം, റീഇംബേഴ്സ്മെന്റിലേക്ക് മടങ്ങുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്. തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.

145 സർക്കാർ ആശുപത്രികളും 408 സ്വകാര്യ ആശുപത്രികളുമാണ് മെഡിസെപ് ലിസ്റ്റിലുള്ളത്. മികച്ച സ്വകാര്യ ആശുപത്രികൾ ലിസ്റ്റിൽ ഇല്ല, അംഗീകാരമുള്ള പല ആശുപത്രകളിലും ചികിത്സാ സംവിധാനങ്ങളിൽ പോരായ്മ,​ ക്ലെയിം പൂർണമായി ലഭിക്കുന്നില്ല എന്നീ പരാതിയും വ്യാപകം. ഗുണഭോക്താക്കളും ഇൻഷ്വറൻസ് കമ്പനിയും ഒരേസമയം പരാതികൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് റീ-ഇംബേഴ്‌സ്‌മെന്റിലേക്കു മടങ്ങാൻ സർക്കാർ ആലോചിക്കുന്നത്.

ബിൽതുക പെരുപ്പിച്ച് സ്വകാര്യ ആശുപത്രികൾ കൊള്ള ലാഭമുണ്ടാക്കുന്നെന്ന ആക്ഷേപവും വ്യാപകമാണ്. മെഡിസെപ് പുതുക്കാനുള്ള ടെൻഡർ നടപടികളിലേക്ക് ധനവകുപ്പ് കടക്കാത്തതും ഇക്കാരണങ്ങളാലാണ്.

450 കോടി:

ഇൻഷ്വറൻസ് കമ്പനി

പ്രതീക്ഷിച്ച ക്ളെയിം

600-700 കോടിയോളം:

ഓരോ വർഷവും

കൊടുക്കേണ്ടിവരുന്നത്

500 രൂപ:

നിലവിലെ പ്രീമിയം

700 രൂപ:

ഇൻഷ്വറൻസ് കമ്പനി

ആവശ്യപ്പെടുന്ന പ്രീമിയം

5.52 ലക്ഷം:

സർക്കാർ ജീവനക്കാർ

5.87 ലക്ഷം:

പെൻഷൻകാർ

1,485 കോടി:

ഇതുവരെ നൽകിയ

ക്ളെയിം തുക


#മെഡിസെപ് ആശുപത്രികൾ 553

സർക്കാർ മേഖലയിൽ- 145

സ്വകാര്യ മേഖലയിൽ- 408

പാളിച്ചകൾ

#ചികിത്സയ്ക്കു ചെലവാകുന്ന പണം മുഴുവൻ ഇൻഷ്വറൻസ് കമ്പനി ആശുപത്രികൾക്കു നൽകുന്നില്ല

# രോഗി സ്വന്തമായി ബാക്കി പണം നൽകേണ്ടി വരുന്നു

# ചികിത്സയ്ക്ക് കമ്പനി നിശ്ചയിച്ച നിരക്ക് കുറവായതിനാൽ ചേരാൻ ആശുപത്രികൾക്ക് താത്പര്യമില്ല

Advertisement
Advertisement