എ.ഡി.ജി.പിക്കെതിരായ പരാതികൾ വിജിലൻസ് സ്പെഷ്യൽ യൂണിറ്റിന്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനം, കോഴവാങ്ങൽ തുടങ്ങിയ ഗുരുതര പരാതികൾ അന്വേഷിക്കാനുള്ള വിജിലൻസ് സംഘത്തെ ബുധനാഴ്ച തീരുമാനിക്കും. അവധിയിലുള്ള വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ഇന്ന് തലസ്ഥാനത്ത് എത്തുമെങ്കിലും ചൊവ്വവരെ ഓഫീസ് അവധിയായതിനാലാണ് തീരുമാനം നീളുന്നത്. കവടിയാറിൽ കൊട്ടാരസമാനമായ മാളിക പണിയുന്നതടക്കം സാമ്പത്തിക ആരോപണങ്ങൾ എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അന്വേഷിക്കുക. പി.വി.അൻവർ എം.എൽ.എയും ആരോപണമുന്നയിച്ചിരുന്നു. അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ സർക്കാരിന്റെ അനുമതി തേടിയിരുന്നു. സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബും ശുപാർശ ചെയ്തു. ഇതോടെ, വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ഇതുസംബന്ധിച്ച ഫയൽ വിജിലൻസ് ഡയറക്ടറുടെ മേശപ്പുറത്തുണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ അന്വേഷണമേൽപ്പിച്ചേക്കും.
പ്രാഥമികാന്വേഷണമാവും വിജിലൻസ് നടത്തുക. 45 ദിവസമാണ് അതിനുള്ള സമയപരിധി. സുപ്രീംകോടതി ഉത്തരവ് പ്രകാരം പരാതികളിൽ പ്രാഥമികാന്വേഷണം നിർബന്ധമാണ്. അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും കേസിനും ഉന്നതാധികാരിയുടെ അനുമതി വേണം. എ.ഡി.ജി.പിയുടെ അധികാരി മുഖ്യമന്ത്രിയായതിനാലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയത്. വ്യാഴാഴ്ചതന്നെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
5 ആരോപണങ്ങളിൽ
അന്വേഷണം
1. വസ്തു വാങ്ങാനും വീട് നിർമ്മിക്കാനും സ്വത്ത് സമ്പാദനം
2. ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി
3. ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി
4. ബന്ധുക്കളെ ഉപയോഗിച്ച് സ്വർണ ഇടപാടുകൾ
5. സ്വർണം പൊട്ടിക്കലിലൂടെ വൻതോതിൽ പണമുണ്ടാക്കി
പ്രാഥമിക അന്വേഷണം
സർക്കാരിന് തടയാനാകില്ല
1. വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തുന്നത് സർക്കാരിന് തടയാനാവില്ല. പ്രാഥമികാന്വേഷണം നിർബന്ധമാണെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്.
2. പ്രാഥമികാന്വേഷണത്തിൽ കുറ്റം കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം. പെരുമാറ്റച്ചട്ട ലംഘനം മാത്രമാണ് കണ്ടെത്തുന്നതെങ്കിൽ അച്ചടക്ക നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യാം.
3.കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവ്.