ഇ.പിയുടെ യാത്ര ഇൻഡിഗോയിൽ; ബഹിഷ്കരണത്തെക്കാൾ വലുതാണ് യെച്ചൂരി

Saturday 14 September 2024 12:07 AM IST

മലപ്പുറം: ഇൻഡിഗോ കമ്പനിയോടുള്ള രണ്ടുവർഷത്തെ അയിത്തം അവസാനിപ്പിച്ച് അവരുടെ വിമാനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ കരിപ്പൂരിൽ നിന്ന് ഡൽഹിക്കുപോയി. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണ് വ്യാഴാഴ്ച രാത്രി 10.20ന് പുറപ്പെട്ടത്.

'ബഹിഷ്‌കരണത്തെക്കാൾ വലുത് യെച്ചൂരിയാണ്. അദ്ദേഹം അന്തരിച്ചെന്ന് കേട്ടപ്പോൾ ഉള്ള വിമാനത്തിൽ എങ്ങനെയെങ്കിലും ഡൽഹിയിൽ എത്തുകയായിരുന്നു ലക്ഷ്യം. ഇൻഡിഗോയിൽ കയറേണ്ടെന്ന് അന്നും, കയറാൻ ഇന്നും എടുത്ത തീരുമാനം അതത് സാഹചര്യങ്ങളിലെ ശരിയായിരുന്നു. വിമാനത്തിൽ അന്ന് നടന്നത് ഇന്ത്യയുടെ ചരിത്രത്തിൽ നടക്കാത്ത സംഭവമാണ്. യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ എന്റെ സമരത്തെയും പ്രതിജ്ഞയെയും ഞാൻ ലംഘിക്കുന്നു. പ്രിയപ്പെട്ട സഖാവ് അന്തരിച്ചു എന്ന് കേൾക്കുമ്പോൾ ഇതിന്റെ മേൽ കടിച്ച് തൂങ്ങി നിൽക്കുകയാണോ വേണ്ടത്. 44 വർഷമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്'- ജയരാജൻ ചൂണ്ടിക്കാട്ടി

2022 ജൂൺ 13നാണ് ഇ.പി വിമാനം ബഹിഷ്കരിക്കാൻ ഇടയായ സംഭവം നടന്നത്. അന്ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ അതിലുണ്ടായിരുന്ന രണ്ട് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചിരുന്നു.സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. മുദ്രാവാക്യം വിളിച്ചുമുന്നോട്ടുനീങ്ങിയ യൂത്ത് കോൺഗ്രസുകാരെ ഇ.പി. ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. യൂത്ത് കോൺഗ്രസുകാരെ രണ്ടാഴ്ചത്തേക്കും ഇ.പി. ജയരാജനെ മൂന്നാഴ്ചത്തേക്കും ഇൻഡിഗോ കമ്പനി വിലക്കിയിരുന്നു. പിന്നാലെ ഇൻഡിഗോയെ രൂക്ഷമായി വിമർശിച്ച ഇ.പി ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കി. എയർ ഇന്ത്യ ഈ റൂട്ടിൽ സർവീസ് ആരംഭിച്ചതോടെയാണ് ഇ.പിയുടെ വിമാനയാത്ര പുനരാരംഭിച്ചത്.

Advertisement
Advertisement