ഇലയട ആസ്വദിച്ച യെച്ചൂരി

Saturday 14 September 2024 12:12 AM IST

കിളിമാനൂർ: സീതാറാം യെച്ചൂരിയുടെ വിയോഗം കിളിമാനൂർ വഴിയോരക്കട മാനേജർ മഹേഷിനും സ്റ്റാഫുകൾക്കും തീരാ വേദനയായി. കേരളത്തിൽ അവസാനമായി എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ കയറിയത് ഇവിടെയാണ്. കരുനാഗപള്ളിയിൽ നടന്ന നാലു ജില്ലകളുടെ മേഖലാ റിപ്പോർട്ടിംഗിന്റെ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് രവി വർമ്മയുടെ ഓർമ്മകൾ പേറുന്ന ഈ കടയിൽ കയറിയത്.

നാടൻ ഭക്ഷണ പ്രിയനായ യെച്ചൂരി ഇല അടയും കോഫിയും മതിവരുവോളം കഴിച്ചതും കൂടെയുള്ളവരെ കഴിക്കാൻ നിർബന്ധിച്ചതും ഇവർ ഓർക്കുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറും കൂടെയുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നതുകണ്ട അദ്ദേഹത്തെക്കണ്ട് കടയിലുള്ളവർക്കും ഏറെ സന്തോഷമായി. ഒടുവിൽ സന്ദർശക ബുക്കിൽ യെച്ചൂരി അഞ്ച് വരി കുറിച്ചതോടെ അവരുടെ സന്തോഷം ഇരട്ടിയായി.

”നല്ല അന്തരീക്ഷം,രുചിയുള്ള ഭക്ഷണം,എല്ലാത്തിനുമുപരി വീട്ടിലെ അതേയനുഭവം -ഇങ്ങനെയാണ് യെച്ചൂരി കടയിലെ സന്ദർശക ബുക്കിൽ കുറിച്ചത്”. സ്റ്റാഫുകൾകൊപ്പവും കഴിക്കാൻ എത്തിയവർക്കൊപ്പവും ഫോട്ടോയും എടുത്തു ഇനിയും കാണാമെന്ന് പറഞ്ഞാണ് യാത്രയായത്.