ആർ.എസ്.എസ് കൂടിക്കാഴ്ച: വീണ്ടും എ.ഡി.ജി.പിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം:ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ മൊഴി ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് വീണ്ടും രേഖപ്പെടുത്തും. പി.വി.അൻവർ വ്യാഴാഴ്ച ഡി.ജി.പിയെ കണ്ട് ആർ.എസ്.എസ് കൂടിക്കാഴ്ചയെ പറ്റി പരാതി എഴുതി നൽകിയതോടെയാണ് വീണ്ടും മൊഴിയെടുക്കുന്നത്. അൻവറിന്റെ ആദ്യ പരാതിയിലും തൃശൂർ ഡി.ഐ.ജി രേഖപ്പെടുത്തിയ മൊഴിയിലും എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ച പരാമർശിച്ചിരുന്നില്ല.
അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാനാണ് ഡി.ജി.പിയുടെ പ്രത്യേക സംഘത്തിന് സർക്കാരിന്റെ നിർദ്ദേശം. വ്യാഴാഴ്ച എ.ഡി.ജി.പിയുടെ മൊഴിയെടുത്തപ്പോൾ ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ആർ.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. അടുത്തദിവസം തന്നെ എ.ഡി.ജി.പിയെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതിന് ശേഷം ഡി.ജി. പി മുഖ്യമന്ത്രിയെ കണ്ടേക്കും.
2023 മേയ് 23ന് തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂൺ രണ്ടിനായിരുന്നു കോവളത്ത് ആർ.എസ്.എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ച. സ്വകാര്യ സന്ദർശനമെന്നാണ് എ.ഡി.ജി.പി മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.