റെക്കോഡ് കല്യാണത്തിന് പിന്നാലെ ഗുരുവായൂർ‌ ക്ഷേത്രത്തിന് ഒരു മാസത്തെ വരുമാനം ആറ് കോടി

Saturday 14 September 2024 8:26 AM IST

തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂർ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ 2024 സെപ്‌തംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ 58081109 രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29ഉം നിരോധിച്ച ആയിരം രൂപയുടെ 13ഉം അഞ്ഞൂറിന്‍റെ 114 കറൻസിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട ഇ - ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമുണ്ടായിരുന്ന സെപ്‌തംബർ എട്ടിന് ഗുരുവായൂരിൽ റെക്കോഡ് കല്യാണമാണ് നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നത്. പുലർച്ചെ നാലുമണി മുതൽ തുടങ്ങിയ കല്യാണങ്ങൾ ഏറെ വൈകിയാണ് അവസാനിച്ചത്.

അതിനിടെ തിരുവോണാഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്ത് ക്ഷേത്ര ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ച ശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.