സ്ഥലമുടമകളുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് ഇനി നിർമ്മാണപ്രവർത്തനം നടക്കാത്ത സ്ഥലം വെളിപ്പെടുത്തി സുരേഷ് ഗോപി

Saturday 14 September 2024 7:43 PM IST

തിരുവനന്തപുരം: നിർബന്ധമായും സുരേഷ് ഗോപി വേണം എന്ന് പറയുന്നതിനേക്കൾ നിർബന്ധമാണ് താൻ അറിയാതെ തിരുവനന്തപുരത്ത് ഒരില പോലും അനങ്ങാൻ പാടില്ല എന്നുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വലിയ നിർബന്ധമാണത്. ഇതിന്റെ പേരിൽ അടിക്കുറിപ്പുകളെഴുതി ചൊറിഞ്ഞുപൊട്ടുന്നവ‌ർ ഒലിപ്പിച്ചു നടക്കത്തേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരം വെള്ളായണിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ വാക്കുകൾ-

വെള്ളായണി എന്ന പ്രദേശത്തിന്റെ വികസനത്തിന്റെ ചരിത്രം പരിശോധിക്കുന്നവർക്ക് അത് മനസിലാകും. ഗ്രാമം ദത്തെടുക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എത്ര എം.പിമാര്‍ അത് അവംലംബിച്ചു. ഏതൊക്കെ ഗ്രാമങ്ങള്‍ ആരൊക്കെ ദത്തെടുത്തു? ജനങ്ങള്‍ക്കുവേണ്ടിയാവണം ജയിക്കുന്നത്.

എന്റെ കൺമുന്നിൽ വച്ചാണ് ഒരിക്കൽ വെള്ളായണിയിൽ ബണ്ട് പൊട്ടി വെള്ളം കയറി 50 ലക്ഷം രൂപയുടെ പച്ചക്കറികൾ വിളഞ്ഞുവരുന്ന സമയത്ത് നശിച്ചത്. തൊട്ടടുത്ത വർഷം ആ ബണ്ട് പൊട്ടിയില്ല. കാരണം, 50 ലക്ഷം രൂപയ്‌ക്ക് അവിടെ പുതിയൊരു ബണ്ട് പണിഞ്ഞു കൊടുത്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് ജയിച്ചു പോയ എത്ര എംപിമാർക്ക് ഇത് സാദ്ധ്യമായി. ശംഖുംമുഖം കടപ്പുറം എത്രദിവസം ഇനി തിരകൊള്ലാൻ പറ്റുന്ന അവസരം കിട്ടുമെന്ന് നിശ്ചയിക്കാൻ പറ്റാത്ത അവസ്ഥയായി.

ടൂറിസത്തില്‍ നവസംവിധാനങ്ങള്‍ ഒരുങ്ങിവരണം. വര്‍ക്കലയും കോവളവും മാത്രമല്ല, മുഴുപ്പിലങ്ങാട് ബീച്ചും പൊന്തിവരണം. ബേക്കല്‍ കേരളത്തെ സംബന്ധിച്ച് തിലകക്കുറിയാണ്. പക്ഷേ, അതിനെ എത്രമാത്രം ടൂറിസം പ്ലാറ്റ്‌ഫോമില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചു? പുതിയ ടൂറിസം ലൊക്കേഷനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ അത് നടക്കില്ല.

വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ വെള്ളായണി കായലിനുള്ളത്. വിഴിഞ്ഞം പോർട്ടിലേക്ക് വരുന്ന വലിയ വാഹിനികൾക്ക് ശുദ്ധജലം നൽകേണ്ട ഉത്തരവാദിത്തം കൂടി വെള്ളായണി കായലിനുണ്ട്. അതിന്റെ ഉൽപാദനശേഷി മൂന്നിരട്ടി വർദ്ധിപ്പിക്കേണ്ടതുണ്ട്. വെള്ളായണിക്കായലിന്റെ ചുറ്റുവട്ടത്ത് ഇനി ഒരു നിർമ്മാണപ്രവർത്തനവും നടക്കില്ല. സർക്കാർ അത് ഏറ്റെടുത്ത് തരികയാണെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുദ്ധജല തടാകമാക്കി മാറ്റാൻ പദ്ധതിയുണ്ട്. 800 കോടിയുടെ പദ്ധതിക്ക് എല്ലാം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തുതന്നാൽ അത് സംഭവിക്കും. വെള്ളായണി കായൽ ലോകത്തിന് മുന്നിൽ കേരളത്തിന്റെ സ്വ‌ർണതിലകക്കുറിയായി മാറും''.