സൂക്ഷിക്കുക ഓണക്കാലത്തെ 'സ്നേഹസമ്മാനങ്ങൾ'

Sunday 15 September 2024 12:12 AM IST

തിരുവനന്തപുരം: 'വിദേശത്തുള്ള മക്കൾ ഓണത്തിനയച്ച സമ്മാനമാണ്. വാട്ട്സാപ്പിൽ അയച്ച ലിങ്ക് അഞ്ച് മിനിട്ടിനുള്ളിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ ഗിഫ്റ്റ് കൈപ്പറ്റാനാവില്ല'. കേൾക്കുന്ന ശബ്ദം അപരിചിതമാണെങ്കിലും പ്രിയപ്പെട്ടവർ സ്നേഹത്തോടെ അയച്ച പാക്കേജ് കൈപ്പറ്റാനുള്ള മോഹത്തിൽ ചിലരെങ്കിലും ലിങ്ക് തുറക്കും. ഇതോടെ കുറ്റവാളിക്ക് ബാങ്ക് വിവരങ്ങളടക്കം സ്വന്തമാക്കാനാവും.

ഓണക്കാലത്തെ ഇത്തരം സ്നേഹ സമ്മാമങ്ങളിൽ വീണുപോകരുതെന്ന മുന്നറിയുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സൈബർ പൊലീസ്. ഫിഷിംഗ് എന്ന തട്ടിപ്പ് തന്ത്രമാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. ഓഫറുകളിലൂടെയും സമ്മാനപാക്കേജുകളിലൂടെയും ഇവർ കെണിയൊരുക്കുന്നത്. പ്രായമായവരാണ് ഇരയാകുന്നവരിൽ അധികവും. എങ്കിലും സുഹൃത്തുക്കൾ അയച്ച 'സ്നേഹസമ്മാനങ്ങളിൽ' 20-35 വയസിനിടയിലുള്ളവരും പറ്റിക്കപ്പെടുന്നു.

തട്ടിപ്പുകാർ നിർദ്ദേശിക്കുന്ന ആപ്പ്,അവർ പറയുന്ന വെബ്സൈറ്റിലൂടെ ഡൗൺലോഡ് ചെയ്താൽ ഗോൾഡ് കോയിനുകൾ, സന്ദേശം പത്ത് പേർക്ക് ഫോർവേഡ് ചെയ്താൽ ഗിഫ്റ്റ് വൗച്ചർ എന്നിവയാലാണ് മറ്റ് തട്ടിപ്പ് തന്ത്രങ്ങൾ.

വാട്ട്സാപ്പിന്റെ പുതിയ മാനദണ്ഡമനുസരിച്ച് നിരവധി ആളുകൾക്ക് ഒന്നിച്ച് സന്ദേശം അയയ്ക്കുന്നവരുടെ അക്കൗണ്ടുകൾ സ്പാം ആയി കണക്കാക്കി ബ്ലോക്ക് ചെയ്യും. ഓണം പ്രമാണിച്ച് പാൻകാർ‌ഡും ആധാറുമില്ലാതെ ലോൺ തരാമെന്ന തരത്തിലുള്ള കോളുകളും സൂക്ഷിക്കണം എന്നും സൈബർ പൊലീസ് പറയുന്നു.

ഓണക്കോടി വീട്ടിലെത്തിക്കും

പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളുടെ പേരിൽ വ്യാജ പേജുകളുണ്ടാക്കി ഉപഭോക്താക്കളെ കബളിക്കുന്ന സംഘങ്ങളെയും സൂക്ഷിക്കണം. ഓണക്കോടി മുതൽ സദ്യ വരെ ബുക്കിംഗിലൂടെ വീടുകളിലെത്തിക്കുമെന്ന ഓഫറും വരാം. പേജിന് വിശ്വാസ്യത കൂട്ടാൻ വ്യാജ റിവ്യൂകളും ഇവർ നൽകും.

അക്ഷരങ്ങൾ ശ്രദ്ധിക്കണം

1.പ്രമുഖ കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ലിങ്കുകൾ വരുമ്പോൾ അക്ഷരങ്ങൾ ശ്രദ്ധിക്കുക. സ്പാം സന്ദേശത്തിൽ പലപ്പോഴും അക്ഷരപ്പിശകുണ്ടാകും.

2.സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പാസ്‌വേർഡ് ഇടയ്ക്കിടയ്ക്ക് മാറ്റുക

3.പബ്ലിക്ക് വൈഫൈ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. സുരക്ഷിതത്വമുള്ള വി.പി.എൻ ഉപയോഗിക്കുക.

4.ഓഫറുകളുടെ ആധികാരികത അന്വേഷിച്ച് ഉറപ്പാക്കുക.

5..ജീവകാരുണ്യ പ്രവർത്തനങ്ങൾ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിലേയ്ക്ക് പണം അയയ്ക്കാൻ അഭ്യർത്ഥിക്കുന്ന ലിങ്കുകൾ തുറക്കരുത്.

സൈബർ പൊലീസ് ഹെല്പ്ലൈൻ നമ്പർ 1930

Advertisement
Advertisement