റെക്കാഡ് പാൽ വിൽപ്പന ലക്ഷ്യവുമായി മിൽമ
മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തും
തിരുവനന്തപുരം: ഓണത്തിന് റെക്കാഡ് വിൽപ്പന ലക്ഷ്യമിടുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ മിൽമയിലേക്ക് എത്തുന്നു. ഉത്രാടം മുതൽ ചതയം വരെ 125 ലക്ഷം ലിറ്ററിന്റെ കച്ചവടമാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ ഒരു ലക്ഷം ലിറ്ററിലധികം പാലാണ് വിറ്റത്. ഓണ ദിനങ്ങളിൽ പാലിന് 15 ശതമാനവും തൈരിന് 20 ശതമാനവും അധിക ഉപഭോഗം ഉണ്ടായേക്കും.
ഒരു ദിവസം മിൽമ സംഭരിക്കുന്നത് 14 ലക്ഷം ലിറ്റർ പാൽ മാത്രമാണ്. അധികമായി വാങ്ങുന്നതിന് മഹാരാഷ്ട്ര, കർണ്ണാടക ,ആന്ധ്രാപ്രദേശ് ക്ഷീര സഹകരണ സ്ഥാപനങ്ങളുമായി മിൽമ ധാരണയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ തിരുവോണ ദിവസം മാത്രം 35.12 ലക്ഷം ലിറ്റർ പാൽ വിറ്റു. 3.45 ലക്ഷം കിലോ തൈരും വിറ്റഴിച്ചു. മിൽമയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പായസം മിക്സ്, പേട, ഫ്‌ളേവേഡ് മിൽക്ക് എന്നിവയ്ക്കും ഓണത്തിന് വൻ ഡിമാന്റാണ്. ഏറ്റവും കൂടുതൽ പാൽ ആവശ്യമായി വരുന്നത് തിരുവനന്തപുരം യൂണിയനിലാണ്.
കഴിഞ്ഞ ഓണക്കാലത്തെ വില്പന
(ഉത്രാടം മുതൽ ചതയം വരെ)
പാൽ
100,59,576 ലിറ്റർ
തൈര്
11,30,545 കിലോ
പാലട പായസം മിക്സ്
8 ലക്ഷം പാക്കറ്റ്