കൊല്ലം സെയ്‌ലേഴ്‌സിനെ വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്, ജയം നാല് വിക്കറ്റിന്

Saturday 14 September 2024 11:34 PM IST

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്ലേഴ്‌സ് എട്ടു വിക്കറ്റിന് 131 റണ്‍സ് നേടി. 132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം 18.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ട്രിവാന്‍ഡ്രത്തിനുവേണ്ടി ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് (34 നോട്ടൗട്ട്), എം.എസ് അഖില്‍ (33 നോട്ടൗട്ട്) എന്നിവരാണ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

ടോസ് നേടിയ ട്രിവാന്‍ഡ്രം കൊല്ലത്തെ ബാറ്റിംഗിനയച്ചു. വത്സല്‍ ഗോവിന്ദ് - ഭരത് സൂര്യ സഖ്യമാണ് കൊല്ലത്തിനു വേണ്ടി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്. നാലാമത്തെ ഓവറിലെ അവസാന പന്തില്‍ ഭരത് സൂര്യയെ വിനോദ്കുമാറിന്റെ പന്തില്‍ റിയാ ബഷീര്‍ പുറത്താക്കുമ്പോള്‍ കൊല്ലം ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ്. കൊല്ലത്തിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് ആറാം ഓവറിന്റെ ആദ്യപന്തില്‍ നഷ്ടമായി. രണ്ട് പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത സച്ചിന്‍ ബേബിയെ അബ്ദുള്‍ ബാസിത് സ്വന്തം പന്തില്‍ പുറത്താക്കിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയില്‍.

10 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലായി കൊല്ലം. 15-ാം ഓവറില്‍ വത്സല്‍ ഗോവിന്ദ് അര്‍ദ്ധ സെഞ്ച്വറി നേടി. 45 പന്തില്‍ നിന്നായിരുന്നു വത്സല്‍ ഗോവിന്ദിന്റെ അര്‍ദ്ധ സെഞ്ചുറി നേട്ടം. ട്രിവാന്‍ഡ്രത്തിനു വേണ്ടി വിനോദ് കുമാര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി. വിനോദാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആദ്യ വിക്കറ്റ് ടീം സ്‌കോര്‍ 49 ല്‍ നില്‍ക്കെ നഷ്ടമായി. 27 പന്തില്‍ നിന്നും 30 റണ്‍സ് എടുത്ത സുബിനെ ബിജു നാരായണന്റെ പന്തില്‍ ഭരത് സൂര്യ പുറത്താക്കി. കെ. അക്ഷയ്- അബ്ദുള്‍ ബാസിത് കൂട്ടുകെട്ട് 13-ാം ഓവറില്‍ സ്‌കോര്‍ 80 ലെത്തിച്ചു. 14-ാം ഓവറില്‍ കെ.അക്ഷയെ (22 പന്തില്‍ 11) വിജയ് വിശ്വനാഥ് പുറത്താക്കി.

തൊടട്ടുത്ത പന്തില്‍ ഗോവിന്ദ് പൈയുടെ വിക്കറ്റും വിജയ് സ്വന്തമാക്കി. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 92 എന്ന നിലയിലായി. അബ്ദുള്‍ ബാസിത്- എം.എസ്. അഖില്‍ കൂട്ടുകെട്ട് 18 ഓവര്‍ അവസാനിച്ചപ്പോള്‍ ട്രിവാന്‍ഡ്രത്തിന്റെ സ്‌കോര്‍ 131 ലെത്തിച്ചു. 19-ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് അഖില്‍ ട്രിവാന്‍ഡ്രത്തിന്റെ വിജയ റണ്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് , എം. എസ് അഖില്‍ എന്നിവര്‍ പുറത്താകാതെ നിന്നു.