വയനാട് ദുരന്തം; വോളണ്ടിയർമാർക്ക് മാത്രം 40 കോടി, വസ്ത്ര വിതരണത്തിന് സർക്കാരിന് ചെലവ് 11 കോടി

Monday 16 September 2024 11:21 AM IST

തിരുവനന്തപുരം: വയനാട് ദുരന്തത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. ദുരിതബാധിതർക്ക് ചെലവാക്കിയതിനെക്കാൾ തുകയാണ് വോളണ്ടിയർമാർക്കായി ചെലവായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മാദ്ധ്യമം വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകളാണിത്. സർക്കാർ സത്യവാങ്മൂലം പരാമ‌ർശിച്ചുള്ള കോടതി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വോളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനുമായി 14 കോടി ചെലവായി. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ ചെലവായെന്നാണ് സർക്കാർ കണക്ക്. ഇത്തരത്തിൽ 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം രൂപയാണ് ചെലവായത്. വോളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം നാല് കോടിയായി. ഇവർക്ക് യൂസർ കിറ്റ് നൽകിയ വകയിൽ ചെലവായത് രണ്ട് കോടി 98 ലക്ഷം രൂപ,​ മെഡിക്കൽ സൗകര്യങ്ങൾക്ക് രണ്ട് കോടി,​ താമസ സൗകര്യം ഒരുക്കിയതിന് 15 കോടി,​ ഭക്ഷണം വെള്ളം എന്നിവയ്ക്ക് 10 കോടിയുമാണ് വോളണ്ടിയർമാർക്ക് മാത്രമായി ചെലവായത്. മിലിട്ടറി ഉദ്യോഗസ്ഥരുടെ ചെലവും ഇതിൽ ഉൾപ്പെടുന്നു.

ബെയ്‌ലി പാലത്തിന്റെ നിർമാണത്തിന് ഒരു കോടി,​ 17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേയ്ക്ക് ജനറേറ്ററിന്റെ ചെലവ് ഏഴ് കോടി,​ ഇന്ത്യൻ എയർഫോഴ്‌സിന് എയർലിഫ്റ്റിംഗ് ഹെലികോപ്‌ടർ ചാർജ് 17 കോടി,​ ദുരിതബാധിതരെ ഒഴിപ്പിക്കാൻ വാഹന സർവീസിന് 12 കോടി,​ ജെസിബി,​ ഹിറ്റാച്ചി,​ ക്രെയിൻ എന്നിവയ്ക്ക് 15 കോടി,​ ക്യാമ്പുകളിലെ ഭക്ഷണത്തിന് എട്ട് കോടി,​ ക്യാമ്പിൽ കഴിഞ്ഞവരുടെ വസ്ത്രങ്ങൾക്ക് 11 കോടി,​ മെഡിക്കൽ പരിശോധനയ്ക്ക് എട്ടുകോടി,​ ഡ്രോൺ,​ റഡാർ വാടക മൂന്ന് കോടി,​ ഡിഎൻഎ പരിശോധനയ്ക്ക് മൂന്ന് കോടി ചെലവായെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.