ഐസിസ് റിക്രൂട്ട്‌മെന്റ് കേരളത്തിൽ വ്യാപകം; പി.ജയരാജൻ

Tuesday 17 September 2024 12:00 AM IST

കണ്ണൂർ: കേരളത്തിൽ ഐസിസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്രിയംഗം പി. ജയരാജൻ. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴി തെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു.
ജയരാജൻ എഴുതുന്ന പുസ്തകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം പറയുന്നത്. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുമുള്ള യുവാക്കൾ ഐസിസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. കണക്കുകൾ അടക്കം നിരത്തിയാണ് തുറന്ന് പറച്ചിൽ. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണെന്നും ജയരാജൻ പറഞ്ഞു. കശ്മീരിൽ കൊല്ലപ്പെട്ട കണ്ണൂരിലുള്ള 4 ചെറുപ്പക്കാരെക്കുറിച്ചും സൂചിപ്പിച്ചു.

ജയരാജന്റെ പുസ്തകത്തിൽ കണ്ണൂരിലെ യുവാക്കളിൽ ഇസ്ലാമിക ഭീകര സംഘടനകൾ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. മുസ്ലിം തീവ്രവാദികൾക്കെതിരെ പറയുമ്പോൾ ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുണ്ടാകും. അത് സാധാരണ മുസ്ലിം മതവിശ്വാസിക്കെതിരല്ലെന്നും . ജയരാജൻ അഭിപ്രായപ്പെട്ടു..

.