ഞെട്ടിക്കുന്ന കണക്കുകൾ: കെ സുധാകരൻ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കേരളത്തെ ഞെട്ടിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകിയ മെമ്മോറാണ്ടത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് എന്ന രീതിയിൽ രേഖപ്പെടുത്തിയ കണക്കാണിതെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ എം.ബി രാജേഷും കെ.രാജനും വിശദീകരിക്കുന്നത്. അങ്ങനെയെങ്കിൽ ചെലവായ തുകയുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിടണം. അതിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്നതുപോലെയാണ് പിണറായി സർക്കാരിന്റെ പ്രവൃത്തികളെന്നും 2018ലെ പ്രളയദുരിതാശ്വാസ നിധി തട്ടിപ്പ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, കോവിഡ് കാല തട്ടിപ്പ് എന്നിവയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇടതുസർക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.