നിപ മരണം: ബംഗളൂരുവിലും ജാഗ്രത

Tuesday 17 September 2024 2:10 AM IST

മലപ്പുറം: തിരുവാലി നടുവത്ത് യുവാവ് നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ബംഗളൂരുവിലും അതീവ ജാഗ്രതാ നിർദ്ദേശം. മരിച്ച 24കാരൻ ബംഗളൂരു നഗരത്തിലെ പ്രമുഖ കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയാണ്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോളേജിൽ നിന്ന് 16 സഹപാഠികൾ വണ്ടൂരിൽ എത്തിയിരുന്നു. ഇവരിൽ 13 പേരും ഓണത്തോടനുബന്ധിച്ച് കേരളത്തിൽ തന്നെയാണ്.

തിരികെ ബംഗളൂരുവിൽ എത്തിയ മൂന്ന് പേരെ താമസസ്ഥലത്ത് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളോട് പി.സി.ആർ പരിശോധനയ്ക്ക് നിർദ്ദേശിച്ചു. മറ്റ് വിദ്യാർത്ഥികളോട് നാട്ടിൽ തുടരാനും പിന്നീട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി മാത്രം കോളേജിൽ പ്രവേശിക്കാനുമാണ് നിർദ്ദേശം. നിപ സ്ഥിരീകരണ വിവരം കേരളം ഔദ്യോഗികമായി കൈമാറിയതിന്റെ കൂടി അടിസ്ഥാനത്തിൽ കർണാടക ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നിട്ടുണ്ട്. ഐസൊലേഷനിലുള്ള വിദ്യാർ‌ത്ഥികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും.
യുവാവിന് രണ്ട് മാസം മുമ്പ് ബംഗളൂരുവിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. നാട്ടിലെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭേദമായതിനെ തുടർന്ന് തിരിച്ചുപോയി. താമസസ്ഥലത്ത് വച്ച് തെന്നി വീണ് കാലിന് പരിക്കേറ്റതോടെ ആഗസ്റ്റ് 22ന് നാട്ടിലെത്തി സമീപത്തെ വൈദ്യശാലയിൽ ചികിത്സ തേടി. സെപ്തംബർ അഞ്ചിന് പനി ബാധിച്ച് ആദ്യം നടുവത്തെയും പിന്നീട് വണ്ടൂരിലെയും സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടി. ഭേദമാകാത്തതിനാൽ എട്ടിന് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം മരിച്ചു.