നടിയെ   ആക്രമിച്ച  കേസിൽ   പൾസർ സുനിക്ക്  ജാമ്യം;  പുറത്തിറങ്ങുന്നത്   ഏഴര  വർഷത്തിനുശേഷം

Tuesday 17 September 2024 11:12 AM IST

ന്യൂ‌ഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം നൽകുന്നതെന്ന് സുപ്രീംകോടതി അറിയിച്ചു. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത് . പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.

ഏഴുവർഷത്തോളമായി ജയിലിൽ കഴിയുന്ന സുനി ഹൈക്കോടതിയിൽ മാത്രം പത്തുതവണയാണ് ജാമ്യഹർജി നൽകിയത്. നടൻ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തേ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന്‌ പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. കൂടാതെ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം തള്ളിയാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിൽ നീതിപൂർവമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. ദീലിപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതെന്നും പൾസർ സുനി വാദിച്ചു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പൾസർ സുനി പിടിയിലായത്.