പാലം മാറ്റും പെരുമ്പളത്തിന്റെ തലവര
പെരുമ്പളം: വേമ്പനാട്ടുകായലിലെ ഏറ്റവും നീളമേറിയ വടുതല - പെരുമ്പളം പാലം പുതുവർഷത്തിൽ തുറക്കുന്നതോടെ പിന്നാക്ക അവികസിത ഗ്രാമമായ പെരുമ്പളം ദ്വീപിന് ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ മുതലാക്കാനാകും. പാലം തുറക്കുന്നതോടെ പെരുമ്പളം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. നിലവിൽ ബോട്ടുകളും ജങ്കാറുമാണ് ആശ്രയം. എറണാകുളം, ചേർത്തല എന്നിവിടങ്ങളിൽനിന്ന് ബസുകൾ പെരുമ്പളത്തേക്ക് സർവീസ് ദീർഘിപ്പിച്ചാൽ മാത്രമേ സാധാരണക്കാർക്ക് പാലത്തിന്റെ യഥാർത്ഥ ഗുണം ലഭ്യമാകൂ.
പാലം തുറക്കുന്നതോടെ നിരവധി വികസനസാദ്ധ്യതകാണ് പെരുമ്പളത്തിനെ കാത്തിരിക്കുന്നത്. ടൂറിസം രംഗത്താണ് കൂടുതൽ മാറ്റമുണ്ടാവുക. ബോട്ട് ജെട്ടികളോട് അനുബന്ധിച്ച് ഫിഷ്ഫാമും ലഘുഭക്ഷണശാലയും ചീനവലകളും ടൂറിസ്റ്റുകൾക്ക് ചൂണ്ടയിടാനുള്ള സൗകര്യങ്ങളും ഒരുക്കുകയാണെങ്കിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകും.
പാലം എത്തുന്നതിന് മുന്നേ പെരുമ്പളത്ത് റിയൽ എസ്റ്റേറ്റുകാർ പിടിമുറുക്കിക്കഴിഞ്ഞു. ഈരംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. വൻകിടക്കാർ കായൽതീരങ്ങൾ കൈയടക്കികഴിഞ്ഞു. പാലം വഴി വാഹനങ്ങൾ എത്തുന്നതോടെ തങ്ങളുടെ സ്ഥലത്തിനും പൊന്നുംവില കിട്ടുമെന്ന പ്രതീക്ഷയിൽ പലരും നിലവിൽ സ്ഥലം വിൽക്കാൻ മടിക്കുകയാണ്.
മദ്ധ്യകേരളത്തിലെ കന്യാകുമാരി
* കേരളത്തിൽ സൂര്യോദയവും അസ്തമയവും വീക്ഷിക്കാൻ സാധിക്കുന്ന അപൂർവഇടമായ പെരുമ്പളം ന്യൂസൗത്ത് ജെട്ടി വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാകും.
* ശാസ്താങ്കൽ ക്ഷേത്രത്തിന് മുന്നിലുള്ള ഉദയസൂര്യന്റെ കാഴ്ചയും വിവരണാതീതമാണ്.
* പെരുമ്പളം ദ്വീപിന് ചുറ്റുമുള്ള ഉപ്പുതുരുത്ത്, നെടിയതുരുത്ത്, വട്ടവയൽ തുടങ്ങിയ ചെറിയ തുരുത്തുകളിൽ കായലോരഷോപ്പുകളും റിസോർട്ടുകളുമുൾപ്പെടെ നിർമ്മിച്ചാൽ ടൂറിസ്റ്റുകളെ ആകർഷിക്കാം.
* കായൽത്തീരത്ത് സ്ഥിതിചെയ്യുന്ന പട്ടേക്കാട് ദേവീക്ഷേത്ര പരിസരത്ത് 24 മണിക്കൂറും ചുറ്റിയടിക്കുന്ന കായൽക്കാറ്റിനെ ആധാരമാക്കി കാറ്റാടികൾ സ്ഥാപിച്ചാൽ വൈദ്യുതി ഉത്പാദിപ്പിച്ച് വിൽക്കാം. ടൂറിസ്റ്റുകൾക്ക് നയനാനന്ദകരമായ കാഴ്ചയുമായിരിക്കും.
സാഹിത്യകാരനായ കെ.എസ്. നീലകണ്ഠൻ ഉണ്ണിയുടെ ഐതിഹ്യകഥയിൽ പ്രതിപാദിക്കുന്ന ഉപ്പുരസമില്ലാത്ത കിണർ പട്ടേകാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള കായൽത്തീരത്താണ്.
പെരുമ്പളം പാലം
1 നിർമ്മാണച്ചെലവ് നൂറുകോടിരൂപ
2 നീളം 1157 മീറ്റർ. ഇരുവശത്തും ഒന്നരമീറ്റർ നടപ്പാതയുടെപ്പെടെ 11 മീറ്റർ വീതി ഉണ്ടാകും
3 ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിനായി 3 ആർച്ച് ബീം ഉണ്ട്
4 കൈവരികളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവുവിളക്ക; സ്ഥാപിക്കൽ, പെയിന്റിംഗ് എന്നിവ പൂർത്തിയാക്കണം