ഓണാവധി ആഘോഷിക്കാനെത്തിയ ദമ്പതികളും മകനും വാഹനാപകടത്തിൽ മരിച്ചു

Tuesday 17 September 2024 5:14 PM IST

കൽപ്പറ്റ: വാഹനാപകടത്തിൽ ദമ്പതികൾക്കും മകനും ദാരുണാന്ത്യം. കർണാടകയിലെ ഗുണ്ടൽപേട്ടിലാണ് സംഭവം. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ടുവയസുകാരനായ മകൻ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു.

ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ എത്തിയതായിരുന്നു കുടുംബം. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റി. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.