മൊത്ത വില സൂചിക 1.31 ശതമാനത്തിലേക്ക് താഴ്ന്നു
കൊച്ചി: മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ആഗസ്റ്റിൽ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.31 ശതമാനത്തിലെത്തി. ജൂലായിലിത് 2.04 ശതമാനമായിരുന്നു. വ്യാവസായിക, ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് നാണയപ്പെരുപ്പം കുറയാൻ സഹായകമായത്. അവലോകന കാലയളവിൽ ഭക്ഷ്യ വില സൂചിക 3.45 ശതമാനത്തിൽ നിന്ന് 3.11 ശതമാനമായി താഴ്ന്നു. ഇന്ധന, വൈദ്യുതി വിലയും താഴേക്ക് നീങ്ങി. പയർവർഗങ്ങൾ, നെല്ല്, ധാന്യങ്ങൾ എന്നിവയുടെയും വില കുറഞ്ഞു. അതേസമയം കിഴങ്ങ്, പഴങ്ങൾ എന്നിവയുടെ വില മുകളിലേക്ക് നീങ്ങി.
പലിശ കുറയാൻ സാഹചര്യമൊരുങ്ങുന്നു
കൊച്ചി: ഉപഭോക്തൃ, മൊത്ത വില സൂചികകൾ കുത്തനെ താഴ്ന്നതോടെ അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കുകളിൽ കാൽ ശതമാനം കുറവുണ്ടാകാൻ സാദ്ധ്യതയേറി. ആഗസ്റ്റിൽ പ്രധാന നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നതിനൊപ്പം കയറ്റുമതി രംഗത്തെ തളർച്ചയും പലിശ കുറയ്ക്കാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്. ആഗോള വിപണികളിൽ മാന്ദ്യം ശക്തമായതോടെ ഇന്ത്യൻ കമ്പനികളുടെ ഉത്പന്നങ്ങൾക്ക് രാജ്യാന്തര രംഗത്ത് മത്സരക്ഷമത കുറഞ്ഞു. ഇതിനാൽ ഉത്പാദന ചെലവ് നിയന്ത്രിക്കാൻ മുഖ്യ പലിശ നിരക്കുകൾ അടിയന്തരമായി കുറയ്ക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെടുന്നു. നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും സാമ്പത്തിക മേഖലയിൽ മികച്ച ഉണർവ് തുടരുന്നതിനാൽ പലിശ ഇളവ് കരുതലോടെ വേണമെന്ന നിലപാടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിനുള്ളത്.