ഏഷ്യൻ പഞ്ചാമൃതം

Tuesday 17 September 2024 11:42 PM IST

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് അഞ്ചാം കിരീടം

ഫൈനലിൽ ചൈനയെ തോൽപ്പിച്ചത് 1-0ത്തിന്

വിജയഗോളടിച്ചത് 51-ാം മിനിട്ടിൽ ജുഗ്‌രാജ് സിംഗ്

ഹുലൻബുയിർ : ആദ്യ മൂന്ന് ക്വാർട്ടറുകളിലും പ്രതിരോധത്തിന്റെ വൻമതിലുയർത്തിയ ചൈനയെ അവസാന ക്വാർട്ടറിൽ ജുഗ്‌രാജ് സിംഗ് നേടിയ ഏക ഗോളിന് മറികടന്ന് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യന്മാരായി. അഞ്ചാം വട്ടം കിരീടമുയർത്തിയ ഇന്ത്യ ഏറ്റവും കൂടുതൽ തവണ ടൂർണമെന്റ് ജേതാക്കളാകുന്ന ടീമെന്ന റെക്കാഡിനും അർഹരായി. കഴിഞ്ഞവർഷവും ഇന്ത്യയാണ് കിരീടമുയർത്തിയിരുന്നത്.

ഫൈനലിലെ ആദ്യ മിനിട്ടുകളിൽതന്നെ ഇന്ത്യൻ താരങ്ങൾ മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ വഴങ്ങാതെ നിലകൊണ്ട ചൈനീസ് പ്രതിരോധം മത്സരം ആവേശകരമാക്കി മാറ്റി. രണ്ടാം തവണമാത്രം ഒരു അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കാനിറങ്ങിയ ചൈനീസ് ടീം പൂൾ സ്റ്റേജ് മത്സരത്തിലെ പിഴവുകളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഇന്നലെ പുറത്തെടുത്തപ്പോൾ ഇന്ത്യയ്ക്ക് ഗോളടിക്കുക വിഷമകരമായി. രാജ്കുമാർ പാലും സുഖ്‌ജീത് സിംഗും നിരവധി ഷോട്ടുകൾ പായിച്ചെങ്കിലും മികച്ച ഫോമിലായിരുന്ന വാംഗ് വെയ്‌ഹാവോ കാത്ത ചൈനീസ് ഗോൾവല ചലിച്ചില്ല.ഇന്ത്യയ്ക്ക് നിരവധി പെനാൽറ്റി കോർണറുകൾ ലഭിച്ചതും പ്രയോജനപ്പെടുത്താനായില്ല. ഒടുവിൽ 51-ാം മിനിട്ടിലെ ഫീൽഡ് ഗോളിലൂടെയാണ് ജുഗ്‌രാജ് സിംഗ് മത്സരത്തിന്റെ വിധിയെഴുതിയത്. ഇതോടെ ചൈനക്കാരും ആക്രമണം ശക്തമാക്കിയെങ്കിലും ശ്രീജേഷിന്റെ പകരക്കാരൻ കിഷൻ പഥക്കിന്റെ കിടിലൻ സേവുകൾ ഇന്ത്യയെ രക്ഷിച്ചു.

ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലിൽ കൊറിയയെ 5-2ന് തോൽപ്പിച്ച് പാകിസ്ഥാൻ മൂന്നാം സ്ഥാനക്കാരായി.

പാരീസ് ഒളിമ്പിക്സിലെ വെങ്കലമെഡലിനും മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ വിരമിക്കലിനും ശേഷം ആദ്യ ഏഷ്യൻ ടൂർണമെന്റിനിറങ്ങിയ ഇന്ത്യ പൂൾ സ്റ്റേജിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ 3-0ത്തിന് ചൈനയെ തോൽപ്പിച്ച് തുടങ്ങിയ ഹർമൻ പ്രീത് കൗർ നയിച്ച ഇന്ത്യൻ സംഘം തുടർന്ന് 5-1ന് ജപ്പാനെയും 81ന് മലേഷ്യയേയും തോൽപ്പിച്ചു. 2-1നായിരുന്നു ചിരവൈരികളായ പാകിസ്ഥാനെതിരായ ജയം. പൂൾ സ്റ്റേജിൽ 3-1ന് തോൽപ്പിച്ചിരുന്ന തെക്കൻ കൊറിയയെ സെമിയിൽ കീഴടക്കിയത് 4-1നാണ്.

1-0

51-ാം മിനിട്ട്

ജുഗ്‌രാജ് സിംഗ്

നായകൻ ഹർമൻ പ്രീത് മുൻകൈ എടുത്ത് സൃഷ്ടിച്ച ഒരു അവസരത്തിൽ നിന്ന് ലഭിച്ച പാസാണ് ജുഗ്‌രാജ് സിംഗ് ഇന്ത്യയുടെ വിജയഗോളാക്കി മാറ്റിയത്.

2011,2016,2018,2023 വർഷങ്ങളിലാണ് ഇതിന് മുമ്പ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായത്. 2011ലാണ് ടൂർണമെന്റ് ആരംഭിച്ചത്.

2006 ഏഷ്യൻ ഗെയിംസിലാണ് ചൈന ഇതിനുമുമ്പ് ഒരു അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ കളിച്ചത്. അന്ന് തെക്കൻ കൊറിയയോട് തോറ്റിരുന്നു.

3 ലക്ഷം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങൾക്ക് ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപ വീതം സമ്മാനമായി നൽകും. സപ്പോർട്ടിംഗ് സ്റ്റാഫിന് 1.5 ലക്ഷം ലഭിക്കും.

Advertisement
Advertisement