കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു, രണ്ടര വയസുകാരന് ദാരുണാന്ത്യം

Wednesday 18 September 2024 4:28 PM IST

കാസർകോട്: കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. ഉദുമ പളളം തെക്കേക്കരയിലെ മാഹിൻ റാസിയുടെ മകൻ അബുതാഹിർ എന്ന രണ്ടര വയസുകാരനാണ് മരിച്ചത്. ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അതേസമയം, കോതമംഗലത്ത് സ്വിമ്മിംഗ് പൂളിൽ വീണ മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പൂവത്തം ചോട്ടിൽ ജിയാസിന്റെ മകൻ അബ്രാം സെയ്താണ് മരിച്ചത്. ഓണാഘോഷത്തിനായി ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടയിൽ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിംഗ് പൂളിൽ നിന്നും കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒടുവിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് അബ്രാം മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.