കൊല്ലം സെയ്‌ലേഴ്സിന് കിരീടം
ഫൈനലിൽ ആറുവിക്കറ്റിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ തോൽപ്പിച്ചു
ഫൈനലിൽ സെഞ്ച്വറിയുമായി സെയ്‌ലേഴ്സ് നായകൻ സച്ചിൻ ബേബി
തിരുവനന്തപുരം : പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് കൊല്ലം സെയ്‌ലേഴ്സ് കിരീടമണിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗ്ളോബ്‌സ്റ്റാർസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ 213 റൺസ് നേടിയപ്പോൾ അഞ്ചുപന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേ കൊല്ലം ലക്ഷ്യത്തിലെത്തി. 54 പന്തുകളിൽ പുറത്താകാതെ എട്ടുഫോറും ഏഴ് സിക്സുമടക്കം 105 റൺസ് നേടിയ നായകൻ സച്ചിൻ ബേബിയാണ് കൊല്ലം സെയ്‌ലേഴ്സിന്റെ വിജയശിൽപ്പി. വത്സൽ ഗോവിന്ദ് (45), അഭിഷേക് നായർ (25) എന്നിവർ സച്ചിൻ ബേബിക്ക് പിന്തുണയേകി. മൂന്നാം ഓവറിൽ ക്രീസിലെത്തിയ സച്ചിൻ ബേബിയാണ് അവസാന ഓവറിൽ ബൗണ്ടറിയിലൂടെ വിജയറൺ നേടിയതും ഫൈനലിലെ പ്ളേയർ ഒഫ് ദ മാച്ചായതും.
നായകൻ രോഹൻ കുന്നുമ്മൽ(51), അഖിൽ സ്കറിയ(50), അജിനാസ് (56) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഗ്ളോബ്‌സ്റ്റാർസിനെ 213/6 എന്ന സ്കോറിലെത്തിച്ചത്. ടോസ് നേടിയ കൊല്ലം സെയ്‌ലേഴ്സ് നായകൻ സച്ചിൻ ബേബി ഗ്ളോബ്സ്റ്റാർസിനെ ഫീൽഡിംഗിന് ഇറക്കുകയായിരുന്നു. അഞ്ചാം ഓവറിൽ ഓപ്പണർ ഒമർ അബൂബക്കറെ (10) ബൗൾഡാക്കി എസ്.മിഥുൻ സെയ്‌ലേഴ്സിന് നല്ല തുടക്കം സമ്മാനിച്ചു. 32 റൺസാണ് ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോൾ ഗ്ളോബ്സ്റ്റാർസിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ ഫസ്റ്റ് ഡൗണായി കളത്തിലേക്ക് ഇറങ്ങിയ അഖിൽ സ്കറിയ നായകൻ രോഹൻ കുന്നുമ്മലിനൊപ്പം കത്തിക്കയറിയപ്പോൾ ഗ്ളോബ്സ്റ്റാർസിന്റെ സ്കോർ ബോർഡ് കുതിച്ചു. 26 പന്തുകളിൽ ഏഴു ഫോറുകളും രണ്ട് സിക്സുകളും പറത്തി 51 റൺസിലെത്തിയ രോഹൻ പത്താം ഓവറിൽ മിഥുന്റെ പന്തിൽ പവൻ രാജിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ടീം 87/2ലെത്തിയിരുന്നു. തുടർന്നിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ അജിനാസ് അഖിലിനൊപ്പം കത്തിക്കയറിയതോടെ സ്കോർബോർഡ് 100 കടന്ന് കുതിച്ചു. 30 പന്തുകളിൽ നാലു ഫോറുകളും മൂന്ന് സിക്സുകളുമടക്കം 56 റൺസ് നേടിയ അഖിലിനെ 14-ാം ഓവറിൽ പവൻരാജ് ബിജുനാരായണന്റെ കയ്യിലെത്തിച്ചാണ് കൂട്ടുകെട്ട് തകർത്തത്. തുടർന്ന് സൽമാൻ നിസാറിന്റെ (24) പിന്തുണയോടെ അജിനാസ് സ്കോർ ഉയർത്തി.24 പന്തുകളിൽ അഞ്ചുഫോറുകളും നാലു സിക്സും പായിച്ച അജിനാസിനെ 17-ാം ഓവറിൽ ടീം സ്കോർ 186ൽ നിൽക്കുമ്പോഴാണ് നഷ്ടമായത്.19-ാം ഓവറിലാണ് ഗ്ളോബ്‌സ്റ്റാർസ് 200 കടന്നത്.
സച്ചിൻ ബേബി
രണ്ട് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും ഉൾപ്പടെ 528 റൺസ് 12 മത്സരങ്ങളിൽ നിന്ന് നേടിയ സച്ചിൻ ബേബിയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.
എമേർജിംഗ് പ്ളേയർ : ഇമാൻ അഹമ്മദ് (തൃശൂർ ടൈറ്റൻസ്)
ഓറഞ്ച് ക്യാപ്പ് : സച്ചിൻ ബേബി (കൊല്ലം)
പർപ്പിൾ ക്യാപ്പ് : അഖിൽ സ്കറിയ (കാലിക്കറ്റ്)
പ്ളേയർ ഒഫ് ദ ടൂർണമെന്റ് : ഷറഫുദ്ദീൻ ( കൊല്ലം)
30 ലക്ഷം രൂപയാണ് ജേതാക്കളായ കൊല്ലം സെയ്‌ലേഴ്സിന് ലഭിച്ചത്. 20 ലക്ഷം രൂപയാണ് റണ്ണേഴ്സ് അപ്പായ ഗ്ളോബ്‌സ്റ്റാർസിന് ലഭിച്ചു.
ലാലേട്ടൻ സ്റ്റൈൽ സച്ചിൻ
മോഹൻ ലാലിന്റെ കടുത്ത ആരാധകനായ സച്ചിൻ ബേബി ഇന്നലെ ലാലേട്ടൻ സ്റ്റൈലിൽ തോള് ചരിച്ച് അദ്ദേഹത്തിന് മുന്നിൽ സെഞ്ച്വറി നേട്ടം ആഘോഷിച്ചത് കൗതുകമായി.