ചെപ്പോക്കിൽ ബംഗ്ളാ ബോളർമാരെ തകർത്തടിച്ച് സെഞ്ച്വറി നേടി അശ്വിൻ, കൂടെ കട്ടയ്‌ക്ക് നിന്ന് ജഡേജയും
ചെന്നൈ: ചെപ്പോക്കിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ഇന്ത്യയെ കരയ്‌ക്കടുപ്പിച്ച് അശ്വിൻ. ഒപ്പം മികച്ച പിന്തുണയോടെ രവീന്ദ്ര ജഡേജയും. ഇന്ത്യ-ബംഗ്ളാദേശ് ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യദിനത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരുഘട്ടത്തിൽ ആറിന് 144 എന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഒന്നിച്ച ജഡേജയും അശ്വിനും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചു.
108 പന്തിൽ നിന്ന് അശ്വിൻ തന്റെ ടെസ്‌റ്റ് കരിയറിലെ ആറാം സെഞ്ച്വറി തികച്ചു. ചെപ്പോക്കിൽ ഇത് ഫലത്തിൽ തുടർച്ചയായുള്ള രണ്ടാം സെഞ്ച്വറിയുമാണ്. അശ്വിൻ ചെപ്പോക്കിൽ അവസാനമായി കളിച്ച 2021 ലെ ഇംഗ്ളണ്ട് പരമ്പരയിൽ 106 റൺസ് നേടിയിരുന്നു. പത്ത് ഫോറുകളും രണ്ട് സിക്‌സറുകളും പറത്തിയാണ് അശ്വിൻ സെഞ്ച്വറി തികച്ചത്. ഒന്നാംദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 339 റൺസ് നേടി. അശ്വിൻ 102 റൺസോടെയും ജഡേജ 86 റൺസോടെയും ക്രീസിലുണ്ട്.
നേരത്തെ ടോസ് നേടിയ ബംഗ്ളാദേശ് നായകൻ നജ്‌മൽ ഹൊസൈൻ ഷാന്റോ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 24കാരൻ പേസ് ബൗളർ ഹസൻ മഹ്‌മൂദിന്റെ തീ പാറുന്ന പന്തുകളിൽ ഇന്ത്യൻ മുൻനിര തകർന്നു. നായകൻ രോഹിത്ത് (6), ഗിൽ(0), കൊഹ്‌ലി (6) എന്നിവർ ആദ്യമേ പുറത്തായി. ഓപ്പണർ യശസ്വി ജെയ്‌സ്‌വാൾ (56) എന്നാൽ ഒരറ്റത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്‌തു. ജെയ്‌സ്‌വാളിനൊപ്പം പന്ത് (39) ഉഗ്രൻ ഫോമിന്റെ സൂചന നൽകി ബാറ്റ് ചെയ്‌തു. എന്നാൽ ഹസൻ മഹ്‌മൂദിന്റെ പന്തിൽ ഫുട്‌വർക്കൊന്നുമില്ലാതെ ബാറ്റ്‌വീശി പന്ത് ലിട്ടൺ ദാസിന് ക്യാച്ച് നൽകി മടങ്ങി. രാഹുൽ (16) നിരാശപ്പെടുത്തി. പിന്നീടാണ് അശ്വിൻ-ജഡേജ സഖ്യം രക്ഷയായത്.