ആദ്യം ഗര്‍ജ്ജിച്ചത് കടുവകള്‍, മെരുക്കിയെടുത്ത് ആഷ് അണ്ണയും ജഡ്ഡുവും; ചെപ്പോക്കില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്

Thursday 19 September 2024 6:39 PM IST

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ചെപ്പോക്കിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ബംഗ്ലാ നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചു. ആദ്യം ബൗള്‍ ചെയ്യാനുള്ള നായകന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു യുവ പേസര്‍ ഹസന്‍ മഹ്മൂദിന്റെ പ്രകടനം. രോഹിത് ശര്‍മ്മ (6), ശുബ്മാന്‍ ഗില്‍ (0), വിരാട് കൊഹ്ലി (6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 34ന് മൂന്ന്.

അഞ്ചാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് - ഓപ്പണര്‍ യശ്വസി ജയ്‌സ്‌വാള്‍ സഖ്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം പന്തിനെ (39) ലിറ്റണ്‍ ദാസിന്റെ കൈകളിലെത്തിച്ച് വീണ്ടും മഹ്മൂദിന്റെ പ്രഹരം. സ്‌കോര്‍ 100ല്‍ എത്തുന്നതിന് മുമ്പ് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു അപ്പോഴേക്കും. കെഎല്‍ രാഹുലിനെ (16) കൂട്ടുപിടിച്ച് യശ്വസി (56) അര്‍ദ്ധ സെഞ്ച്വറി കുറിച്ചപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷ ഉയര്‍ന്നു.

എന്നാല്‍ സ്‌കോര്‍ 144ല്‍ നില്‍ക്കെ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ കൂട്ടത്തകര്‍ച്ച മണത്തു. പിന്നീടാണ് ചെപ്പോക്കിനെ ആവേശത്തിലാക്കി അശ്വിന്‍ -ജഡേജ സഖ്യം കടുവുകളെ മെരുക്കിയെടുത്തത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 195 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയതോടെ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 339ന് ആറ് എന്ന ശക്തമായ നിലയില്‍. കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി (102*) നേടി അശ്വിനും അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട രവീന്ദ്ര ജഡേജ (86*)യും ആണ് ക്രീസില്‍.

144ന് ആറ് എന്ന നിലയില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും ബംഗ്ലാ ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി ബൗണ്ടറി പായിച്ചുകൊണ്ടിരുന്നു. ഇതോടെ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. രണ്ട് താരങ്ങളും പത്ത് വീതം ബൗണ്ടറികളും രണ്ട് വീതം സിക്‌സറുകളും പറത്തി. ബംദ്‌ലാദേശിന് വേണ്ടി ഹസന്‍ മഹ്മൂദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നഹീദ് റാണയും മെഹ്ദി ഹസന്‍ മിറാസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.