കെ.പി.സി.സി ഭാരവാഹി യോഗം ഇന്ന്

Friday 20 September 2024 12:31 AM IST

മിഷൻ 2025 പ്രവർത്തനം വിലയിരുത്തും

തിരുവനന്തപുരം : വയനാട് ക്യാമ്പിൽ തീരുമാനിക്കപ്പെട്ട സംഘടനാപരമായ മാറ്റങ്ങൾ എത്രത്തോളം നിറവേറ്റിയെന്ന ചർച്ചകൾക്കായി ഇന്ന് കെ.പി.സി.സി ഭാരവാഹി യോഗം നടക്കും. ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങുന്ന യോഗത്തിൽ ഡി.സി.സി അദ്ധ്യക്ഷന്മാരും പങ്കെടുക്കും. വയനാട് പുനരധിവാസം, ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എന്നിവയുടെ പുരോഗതി വിലയിരുത്തും.

തദ്ദേശ തിരവഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴേത്തട്ടിൽ പാർട്ടിയെ ചലിപ്പിക്കാൻ രൂപീകരിക്കേണ്ട പുതിയ വാർഡ് കമ്മിറ്റികൾ എങ്ങുമെത്തിയിട്ടില്ല. ചില ഡി.സി.സികൾ ബ്ലോക്ക് കമ്മിറ്റികളുടെ പുനഃസംഘടനയും പൂർണ്ണമാക്കിയിട്ടില്ല. ഇതിന്റെ വിലയിരുത്തലടക്കം എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടക്കും.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് വീട് നിർമ്മാണത്തിനായി 16 കോടി രൂപ കെ.പി.സി.സി കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഫണ്ട് സമാഹരണം താഴേത്തട്ടിൽ ഊർജ്ജിതപ്പെട്ടിട്ടില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മുമ്പ് ഒരു വീടിന് എട്ടുലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ 1000 സ്‌ക്വയർ ഫീറ്റെന്ന് വീടിന്റെ അളവ് പുതുക്കി നിശ്ചയിച്ചതോടെ ഇത് 16 ലക്ഷമായി ഉയർന്നിട്ടുണ്ട്.

യോഗത്തിൽ പാർട്ടി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കും തുടക്കമായേക്കും. എ.ഐ.സി.സി നടത്തിയ മികവ് പരിശോധന റിപ്പോർട്ടും ഡി.സി.സികൾക്കടകം പാർട്ടി നൽകിയ ടാർജറ്റുകളുടെ പൂർത്തീകരണവും പരിശോധിച്ചാവും പുനഃസംഘടനയിലേക്ക് കടക്കുക. കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, ഡി.സി.സി അദ്ധ്യക്ഷന്മാർ എന്നിവരുടെ കാര്യത്തിൽ പ്രവർത്തന മികവും മാനദണ്ഡമാണ്.