ദിവസം വരുമാനമായി ലഭിക്കുന്നത് രണ്ടു ലക്ഷത്തിലേറെ രൂപ,​ നേട്ടമായത് കഴിഞ്ഞ മൂന്നുമാസത്തെ കനത്ത മഴ

Friday 20 September 2024 12:37 AM IST

മലമ്പുഴ: കാലവർഷം കനിഞ്ഞതോടെ മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള ജലവൈദ്യുത പദ്ധതിവഴി ഉത്പാദിപ്പിച്ചത് രണ്ടുലക്ഷം യൂണിറ്റ് വൈദ്യുതി. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വ‌ർദ്ധിച്ചിരുന്നു. ഇതോടെ സ്പിൽവേ ഷട്ടറുകൾ ഒന്നിലേറെ തവണ തുറക്കുകയും ചെയ്തതാണ് ഗുണമായത്. ജലവൈദ്യുത പദ്ധതിയുണ്ടായിരുന്നതിനാൽ ഷട്ടറുകൾ തുറക്കേണ്ട അവസ്ഥയിൽ ആദ്യം വൈദ്യുതോത്പാദനത്തിന് ജലം വിട്ടുനൽകുകയാണ് ചെയ്തത്. ഇതിനുശേഷവും വെള്ളം പ്രതീക്ഷിത നിരപ്പിലേക്ക് വന്നപ്പോൾ മാത്രമാണ് ഷട്ടറുകൾ തുറന്നത്.

ഷട്ടറുകൾ തുറന്നിട്ടസമയത്തും വൈദ്യുതോത്പാദനം നടത്തി. 2022ൽ ഇവിടെ അഞ്ചുലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനായി. മണിക്കൂറിൽ രണ്ടായിരം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. 2.5 മെഗാവാട്ട് ശേഷിയുള്ളതാണ് ഇവിടത്തെ ജലവൈദ്യുത പദ്ധതി. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മലമ്പുഴ സബ്സ്റ്റേഷൻവഴി ഗ്രിഡിലേക്ക് നൽകി.

മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വെള്ളം നേരെ പുഴയിലേക്ക് ഒഴുക്കുന്നതിനുപകരം വൈദ്യുതോത്പാദനം ആരംഭിക്കാൻ അനുമതി നൽകണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു. മലമ്പുഴയിലെ ജലവൈദ്യുത പദ്ധതി വഴി മണിക്കൂറിൽ 2,500 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ദിവസം രണ്ടുലക്ഷത്തിലേറെ രൂപ ഇതുവഴി സർക്കാരിന് ലഭിക്കുമെന്നും വൈദ്യുതിബോർഡ് അധികൃതർ പറയുന്നു.