മലപ്പുറത്ത് കർശന നിയന്ത്രണം; എംപോക്സ്‌ വൈറസിന്റെ വകഭേദം ഇന്നറിയാം

Friday 20 September 2024 7:02 AM IST

മലപ്പുറം: എം പോക്സും നിപയും സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് കർശന നിയന്ത്രണം തുടരുന്നു. രോഗവ്യാപനം തടയാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. പരിശോധനയ്ക്കയച്ച സാമ്പിളുകൾ നെഗറ്റീവ് ആകുന്നത് ആശ്വാസകരമാണ്.

അതേസമയം, ദുബായിൽ നിന്നെത്തിയ എടവണ്ണ ചാത്തല്ലൂർ സ്വദേശിയായ 38കാരന് ബാധിച്ച എംപോക്സ് വൈറസിന്റെ വകഭേദം തിരിച്ചറിയുന്ന പരിശോധനാ ഫലം ഇന്ന് വരും. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് ഇതിനുള്ള ജീനോമിക് സ്വീക്വൻസിംഗ് പരിശോധന നടക്കുന്നത്.

എംപോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാൽ ആഫ്രിക്കയിൽ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാൽ വ്യാപനശേഷി മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

എംപോക്സ് ബാധിതന്റെ സമ്പർക്ക പട്ടികയിലുള്ള 23 പേരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ യുവാവിന്റെ സഹതാമസക്കാരായ ആറ് മലയാളികളിൽ ഒരാൾക്ക് പനിയും എംപോക്സ് ലക്ഷണങ്ങളും ഉണ്ടായിരുന്നെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ട്. ഇതുവഴിയാകാം യുവാവിന് രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.