നിപയിൽ ആശ്വാസം ; 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്,​ സമ്പർക്കപ്പട്ടികയിൽ 267 പേർ

Friday 20 September 2024 7:53 PM IST

തിരുവനന്തപുരം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. രോഗ ലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് .മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് മൂന്നു പേർ ഉൾപ്പെടെ 268 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.

സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ബംഗളൂരുവിൽ ക്വാറന്റൈനിൽ കഴിയുന്ന, നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികൾക്ക് സർവകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തി നൽകാൻ കഴിഞ്ഞതായും മന്ത്രി യോഗത്തിൽ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ കർണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവർക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്‌