വകുപ്പുകളുടെ ഏകോപനമില്ലായ്മ: എ.ബി.സി പദ്ധതി ഇഴയുന്നു
തിരുവനന്തപുരം; തെരുവ് നായകൾ പെറ്റുപെരുകുന്നത് തടയാൻ ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ ) പദ്ധതിയും പേവിഷ പ്രതിരോധ കുത്തിവയ്പ്പും ഇഴയുന്നു.
തെരുവുനായ്ക്കളെ പിടികൂടുന്നതിനും എ.ബി.സി സെന്ററുകളിൽ എത്തിക്കുന്നതിനും വന്ധ്യംകരണത്തിന് ശേഷം തിരികെ കൊണ്ടുവിടുന്നതിനുമുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വന്ധ്യംകരണത്തിന് ഡോക്ടർമാരുടെ സേവനം നൽകുന്നതും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ നൽകുന്നതും മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പദ്ധതി പരാജയപ്പെടാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2023-24 ൽ 62983 തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നെങ്കിൽ 2024-25 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 8102 കുത്തിവയ്പ്പ് മാത്രമാണ് നൽകിയത്. 2023-24ൽ 20745 വന്ധ്യംകരണ ശസ്ത്രക്രിയ നടന്ന സ്ഥാനത്ത് ഇക്കൊല്ലം ജൂൺ 30 വരെ നടന്നത് 8656 ശസ്ത്രക്രിയകൾ മാത്രം.
എ.ബി.സി പദ്ധതിക്കായി സംസ്ഥാനത്ത് ആരംഭിച്ചത് 15കേന്ദ്രങ്ങൾ മാത്രമാണ്. 15 എണ്ണം നിർമ്മാണത്തിലാണ്. എ.ബി.സി സെന്ററുകളുടെ കുറവും വന്ധ്യംകരണത്തിന് തടസമാകുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് ജില്ലയ്‌ക്ക് ഒരു എ.ബി.സി ശസ്ത്രക്രിയ സെന്ററാണുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരുവ് നായകളെ ശാസ്ത്രക്രിയ കേന്ദ്രത്തിലെത്തുകയും ഒരാഴ്ചയ്ക്ക് ശേഷം തിരികെ കൊണ്ടുവിടുകയും ചെയ്യുന്നതിലെ ബുദ്ധിമുട്ടാണ് പദ്ധതി വിജയിക്കാതെ പോകുന്നതിന് കാരണം.
നിലവിൽ മുനിസിപ്പൽ,കോർപ്പറേഷൻ മേഖലയിലാണ് എ.ബി.സി സെന്ററുകളുള്ളത്. 95 ശതമാനം പഞ്ചായത്തുകളിലും എ.ബി.സി സെന്ററുകൾ ആരംഭിച്ചില്ല.
എ.ബി.സി സർജറി
2022 -23 --- 2023 -24 ---- 2024-25 ( ജൂൺ 30 വരെ )
19260 ---- 20745 ------ 8656
പേവിഷ പ്രതിരോധ വാക്‌സിൻ നൽകിയത്
------------------------------ 2022 -23 ------- -2023 -24 ---- 2024-25 ( ജൂൺ 30 വരെ )
തെരുവ് നായ ----------50180 ------- 62983 -- --8102
വളർത്തുനായ -- -501425 ---- ---495641 ----- -69151
കേന്ദ്രത്തിനും കേരളത്തിനും വിമർശനം ( ഡെക്ക്)
പേവിഷം : ചർച്ച തീരും വരെ
നായകൾ കടിക്കാതിരിക്കില്ല
ന്യൂഡൽഹി : പേവിഷ വാക്സിനേഷൻ കാര്യക്ഷമമായി നടപ്പാക്കണമെന്ന ഹർജിയിൽ നിലപാട് അറിയിക്കാത്ത കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി വിമർശനം.
2022 ഒക്ടോബറിൽ കേന്ദ്രത്തിനോടും, 2023 ജൂലായിൽ കേരളത്തോടും നിലപാട് തേടിയിരുന്നു. കേരളത്തിന്റെ അഭിഭാഷകൻ ഹാജരായിട്ടു പോലുമില്ലെന്ന് ഹർജിക്കാരായ കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ചർച്ച നടക്കുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. ഇതോടെയാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൽ എന്നിവരുടെ ബെഞ്ച് വിമർശനമുന്നയിച്ചത്. പേവിഷം ഗുരുതരമാണ്. എന്തുകൊണ്ടാണ് ഇത്ര നിസാരമായി കാണുന്നത് ? രണ്ടുവർഷമായി ചർച്ചയാണ്. വിഷയം കോടതി ഗൗരവമായി എടുക്കുകയാണ്. ചർച്ച നടക്കുന്നുവെന്ന് പറഞ്ഞ് കടിക്കുന്ന നായകൾ കാത്തിരിക്കില്ലെന്ന് കോടതി പരിഹസിച്ചു.
മറുപടി സമർപ്പിക്കാൻ കേന്ദ്രത്തിനും കേരളത്തിനും ആറാഴ്ച കൂടി അനുവദിച്ചു. വകുപ്പു സെക്രട്ടറിമാർ കോടതിയിൽ നേരിട്ടെത്തണമെന്നും നിർദ്ദേശിച്ചു. വാക്സിനുകളുടെ കാര്യക്ഷമത പഠിക്കാൻ സ്വതന്ത്ര വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.