അജിത്കുമാർ  സമാന്തര  അന്വേഷണം നടത്തുന്നു:  പി.വി.അൻവർ, സസ്പെൻഡ്  ചെയ്യണം

Saturday 21 September 2024 1:07 AM IST

മലപ്പുറം: എ.ഡി.ജി.പി എം.ആർ.അജിത് കുമാർ അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങളിൽ എസ്.ഐ.ടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടത്തുന്നതായി പി.വി.അൻവർ എം.എൽ.എ. അദ്ദേഹത്തിന് എതിരെ തനിക്ക് ലഭിച്ച തെളിവുകൾ എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനാണിത് . പൊലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് അജിത് കുമാർ ഇതിന് നേതൃത്വം നൽകുന്നത്. ഇതുമതി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ. തെളിവുകൾ തന്ന പൊലീസുകാരും വ്യക്തികളും ആരെല്ലാമെന്ന് അന്വേഷിച്ച് അജിത് കുമാർ ഭീഷണിപ്പെടുത്തുന്നുണ്ട്. തെളിവ് തരാൻ തയ്യാറായ പലരും മടിച്ച് നിൽക്കുകയാണ്. സമാന്തര അന്വേഷണം കേരളത്തിന്റെ പൊലീസ് ചരിത്രത്തിൽ ഇല്ലാത്തതാണ്. സർക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ചട്ടങ്ങളും തനിക്ക് ബാധകമല്ലെന്ന് അജിത് കുമാർ ആവർത്തിച്ച് തെളിയിക്കുന്നു. അജിത് കുമാറിനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനപരമായ തെളിവുകളുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയത്. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് വേണം അന്വേഷണം നടത്തേണ്ടതെന്നും അൻവർ പറഞ്ഞു.

പി.ശശിയ്ക്ക് രാഷ്ട്രീയ ലക്ഷ്യം

വിജിലൻസ് അന്വേഷണം സംബന്ധിച്ച ഡി.ജി.പിയുടെ ഫയൽ വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതെന്നും അദ്ദേഹം അപ്പോൾ തന്നെ അന്വേഷണത്തിന് അനുമതി നൽകിയെന്നും അറിയാൻ സാധിച്ചു. ഇത്ര ദിവസം ഫയൽ എവിടെയായിരുന്നെന്നും അന്വേഷണം നീണ്ടുപോവുന്നത് എന്തുകൊണ്ടാണെന്നും എല്ലാവരും അന്വേഷിച്ചു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വഴിയാണ് ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തേണ്ടതെന്ന വിശദീകരണമാണ് വന്നിരിക്കുന്നത്. ഇതായിരിക്കും യാഥാർത്ഥ്യം. വിഷയം ഇത്രയധികം ചർച്ചയായിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയില്ല. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കാൻ കാരണക്കാരനായത് എന്നത് ചർച്ചയാവാൻ കൂട്ടുനിന്നു. പി.ശശിയ്ക്ക് കൃത്യമായ ചില രാഷ്ട്രീയ അജണ്ടയുണ്ടെന്നും അൻവർ ആരോപിച്ചു.