കവർന്നത് കേരളകാളിദാസന്റെ ജീവൻ , കായംകുളത്ത് ഇന്ത്യയിലെ ആദ്യ കാറപകടം,​ 110 വർഷം മുൻപ്

Sunday 22 September 2024 4:02 AM IST

കേരളവർമ്മ വലിയകോയിതമ്പുരാൻ

തെരുവ് നായ മൂലം രാജ്യത്ത് ആദ്യ അപകടം

കായംകുളം:മലയാള ഭാഷയുടെയുംസാഹിത്യത്തിന്റെയും പ്രകാശഗോപുരമായിരുന്ന കേരളകാളിദാസൻ കേരളവർമ്മ വലിയകോയിത്തമ്പുരാൻ കായംകുളത്ത് വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്ന് നൂറ്റിപ്പത്ത് വർഷം. ഇന്ത്യയിലെ ആദ്യ കാറപകടം ഇതായിരുന്നു.

1914 സെപ്റ്റംബർ 20ന് കായംകുളത്തിന് കിഴക്ക് കുറ്റിത്തെരുവിലായിരുന്നു അപകടം. പരിക്കേറ്റ വലിയകോയിത്തമ്പുരാൻ (69) 22നാണ് മരിച്ചത്. രാജ്യത്ത് റോഡപകടത്തിൽ മരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം.

അനന്തരവൻ കേരളപാണിനി എ.ആർ.രാജരാജവർമ്മക്കൊപ്പം വലിയകോയിത്തമ്പുരാൻ വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ രണ്ടുദിവസം തങ്ങിയശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. കെ.പി.റോഡിൽ വിളയിൽ പാലത്തിന് സമീപത്തെ വളവിൽ വച്ച് നായ കുറുകെ ചാടി. ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വലിയ കോയിത്തമ്പുരാൻ ഇരുന്ന വശത്തേക്കാണ് കാർ മറിഞ്ഞത്. നെഞ്ച് ശക്തമായി കാറിൽ ഇടിച്ചുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. പുറമേ പരിക്കുകൾ ഇല്ലായിരുന്നു. മാവേലിക്കരയിലെ കൊട്ടാരത്തിൽ വച്ചായിരുന്നു അന്ത്യം. ഭൗതികദേഹം എല്ലാബഹുമതിയോടും കൂടി അവിടെ സംസ്കരിച്ചു. എ.ആറിന്റെ ഡയറിക്കുറിപ്പിൽ അപകടത്തിന്റെ വിശദ വിവരങ്ങളുണ്ട്. ഡ്രൈവറും പരിചാരകനും ഉൾപ്പെടെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. പരിചാരകന്റെ കാലൊടിഞ്ഞു. എ.ആർ.രാജരാജവർമ്മയ്ക്ക് നിസാര പരിക്കേറ്റു.

തെരുവ് നായ മൂലം സംഭവിക്കുന്ന രാജ്യത്തെ ആദ്യ അപകടവും ഇതാണ്. ഇന്നും അപകടങ്ങൾ ആവർത്തിക്കുന്ന ജംഗ്ഷനാണ് കുറ്റിത്തെരുവ്. നാടിനെ നടുക്കിയ അപകടങ്ങളിൽ നിരപധി പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.

മഹാദീപം അസ്തമിച്ചു

കേരളമേ,​ നിന്റെ മഹാദീപം അസ്തമിച്ചു എന്നാണ് വലിയകോയിത്തമ്പുരാന്റെ വിയോഗത്തെ പറ്റി മഹാകവി കുമാരനാശാൻ വിവേകോദയം മാസികയിൽ എഴുതിയത്. വള്ളത്തോളും ഉള്ളൂരും അടക്കം പല കവികളും വിലാപകാവ്യങ്ങൾ എഴുതി.